സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. ദില്ലിയില്‍ ക്യാബിനറ്റ് റാങ്കോടെയാണ് കെ.വി. തോമസിന്റെ നിയമനം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട കെ.വി. തോമസിനെ, എട്ട് മാസങ്ങള്‍ക്കു ശേഷമാണ് പുതിയ പദവിയിലേക്ക് സര്‍ക്കാര്‍ നിയമിച്ചത്. മുന്‍പ് എം. സമ്പത്ത് വഹിച്ചിരുന്ന പദവിയാണ് തോമസിന് നല്‍കിയത്. ദില്ലിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളതിനാലും കേന്ദ്രമന്ത്രിമാരുമായുള്ള നല്ല ബന്ധം കണക്കിലെടുത്തുമാണ് നിയമനമെന്നാണ് സര്‍ക്കാരിന്റെ വാദം.
അതേസമയം കോണ്‍ഗ്രസ് വിട്ടു വന്ന തോമസിന് പ്രത്യേക പദവികള്‍ നല്‍കാത്തതില്‍ വലിയ ട്രോളുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നേരത്തെ വി.എസ്. അച്യുതാനന്ദന് വഹിച്ചിരുന്ന ഭരണപരിഷ്കാര കമ്മീഷന് സ്ഥാനം തോമസിന് നല്‍കുമെന്ന പ്രചരണവും ഉണ്ടായിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ദില്ലിയിലേക്ക് അദ്ദേഹത്തെ അയക്കാന്‍ തീരുമാനമായത്.