കാൽപന്തുകളിയിൽ മാന്ത്രിക സ്പർശം കൊണ്ട് ചരിത്രം രചിച്ച ലയണൽ മെസ്സിയും, ക്രിസ്ത്യാനോ റൊണാൾഡോയുമടക്കമുള്ള മഹാരഥന്മാർ അടുത്ത ലോകകപ്പിൽ കാണികളായേക്കാം. പക്ഷേ അവിടെയും പുതു ചരിത്രം രചിക്കാൻ, തലയുയർത്തി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടാകും. 90-ാം മിനിറ്റിൽ അവസാനിക്കേണ്ടിയിരുന്ന ഖത്തർ കിക്കിനെ ഷൂട്ടൗട്ടിലേക്ക് എത്തിച്ച ഫ്രഞ്ച് താരം കിലിയൻ എംബപ്പെ.
2018 ലെ റഷ്യൻ ലോകകപ്പ് മത്സരത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കി ഫ്രാൻസിന് ചാമ്പ്യൻപട്ടം നേടിക്കൊടുക്കുന്നത് വരെ എംബപ്പെ എന്ന താരത്തെക്കുറിച്ച് അറിയാവുന്നവർ ചുരുക്കമായിരുന്നു. ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട് 100, 200 മീറ്റർ ഓട്ടത്തിൽ കുതിക്കുന്ന പോലെ ശരവേഗത്തിൽ ഗോൾവല ലക്ഷ്യം വച്ച് മൈതാനത്തിൻറെ ഒരറ്റത്തു നിന്ന് മറുവശത്തേക്ക് എത്തുന്ന ആ ചെറുപ്പക്കാരൻ ഫുട്ബോൾ ലോകത്തിന് പകരുന്നത് വലിയ പ്രതീക്ഷയാണ്. ഖത്തർ കിക്കിൽ ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തെ ആവോളം കീഴടക്കുകയും ചെയ്ത കിലിയൻ എംബപ്പെ എന്ന ഈ യുവതാരം.
എൺപതാം മിനിറ്റ് വരെ അത്യന്തം ഏകപക്ഷീയമായി പോയിരുന്ന മത്സരത്തെ ത്രില്ലർ സ്വഭാവത്തിലേക്ക് നയിച്ചത് എംബാപ്പെയാണ്. ഒരു ലോകകപ്പ് ഫൈനൽ മത്സരം എങ്ങനെ ആയിരിക്കണമോ അതിനായിരുന്നു ഇന്നലെ ലുസൈൽ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. അർജൻറീനിയൻ ആരാധകരുടെ ലോകകപ്പ് മോഹത്തിന് അൽപസമയത്തേക്കെങ്കിലും ഫ്രഞ്ച് താരം തടയിട്ടു. രണ്ട് മിനിറ്റുകൾക്കിടയിൽ അർജന്റീനിയൻ ഗോൾവല ഭേദിച്ച് ലോകകപ്പ് ഫൈനലിലെ എംബാപ്പെയുടെ
ഹാട്രിക്.
ലോകകപ്പ് ഇക്കുറി നഷ്ടമായെങ്കിലും ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയാണ് ലുസൈൽ സ്റ്റേഡിയത്തിൻറെ പടികടന്ന് എംബാപ്പെ ഫ്രാൻസിലേക്ക് പറക്കുന്നത്. എന്തിരുന്നാലും അടുത്ത 10 വർഷങ്ങളിൽ എംബാപ്പെ മഹാരഥന്മാരുടെ പട്ടികയിൽ എണ്ണപ്പെടും എന്നതിൽ സംശയമില്ല.