Saturday, November 23, 2024

മലിനീകരണം റെക്കോർഡ് ഭേദിച്ചു; ലാഹോറിൽ സ്കൂളുകൾ അടച്ചു

ലാഹോറിൽ ശക്തമായ പുകമഞ്ഞ് (smog) നഗരത്തെ പിടിമുറുക്കിയതോടെ പാക്കിസ്ഥാനിലെ ലാഹോറിൽ എല്ലാ പ്രൈമറി സ്കൂളുകളും ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ‘ഗ്രീൻ ലോക്ക്ഡൗൺ’ പദ്ധതിയുടെ ഭാഗമായി 50% ഓഫീസ് ജീവനക്കാരും തിങ്കളാഴ്ച മുതൽ വീട്ടിൽനിന്ന് ജോലിചെയ്യും.

അന്തരീക്ഷ മലിനീകരണം ശക്തമായ സാഹചര്യത്തിൽ എഞ്ചിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന റിക്ഷകൾക്കും ഫിൽട്ടറുകളില്ലാതെ ബാർബിക്യൂ ചെയ്യുന്നവർക്കും നിരോധനം ഏർപ്പെടുത്തിയതും നടപടികളിൽ ഉൾപ്പെടുന്നു. പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ ലാഹോർ, ഏറ്റവും മലിനമായ വായുവുള്ള ലോകനഗരങ്ങളുടെ പട്ടികയിൽ നവംബർ മൂന്ന് ഞായറാഴ്ച, രണ്ടാം തവണയും ഒന്നാമതെത്തി. നഗരത്തിൽ, ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ വായുവിലെ സൂക്ഷ്മകണികകളുടെ അളവ് അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടുണ്ട്.

വീടിനുള്ളിൽത്തന്നെ തുടരാനും അനാവശ്യയാത്രകൾ ഒഴിവാക്കാനും സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. പുകമഞ്ഞിന്റെ അളവ് നിയന്ത്രിക്കാൻ പമ്പുകൾ ഘടിപ്പിച്ച വാഹനങ്ങൾ വായുവിലേക്ക് വെള്ളം ചീറ്റുകയും ചിലയിടങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച്, വിഷവായു ശ്വസിക്കുന്നത് ഹൃദയാഘാതം, ഹൃദ്രോഗം, ശ്വാസകോശാർബുദം, ശ്വാസകോശ സംബന്ധമായ മറ്റ് അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള വിനാശകരമായ ആരോഗ്യപ്രത്യാഘാതങ്ങൾക്കു കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News