Tuesday, November 26, 2024

ലക്ഷദ്വീപില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് വിലക്ക്

ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് ഡാമിയ ഉത്തരവിട്ടു. സ്‌കൂളുകളിലെ സമരങ്ങള്‍, ധര്‍ണ, പ്രകടനങ്ങള്‍, സമാനമായ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരോധിച്ചതായി ഉത്തരവില്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതലാണെന്നാണ് അധികൃതരുടെ വാദം.

ആഴ്ചകള്‍ക്കുമുമ്പ് മിനിക്കോയ് ദ്വീപിലെ എന്‍ജിനിയറിങ് ഡിപ്ലോമ കോളേജില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്യാമ്പസില്‍ പോലീസ് തല്ലി. ഇതോടെ മറ്റു ദ്വീപുകളിലേക്കും പടര്‍ന്ന പ്രതിഷേധം അടിച്ചമര്‍ത്താനാണ് നീക്കമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഉത്തരവുപ്രകാരം വിദ്യാര്‍ഥിസംഘടനകള്‍ക്ക് യോഗം വിളിക്കുന്നതിനും നിരോധനമുണ്ട്. സ്‌കൂള്‍ കോളേജ് ക്യാമ്പസുകളില്‍ രാഷ്ട്രീയമായോ അല്ലാതെയോ ഏതെങ്കിലും വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധങ്ങളോ വിയോജിപ്പുകളോ പ്രകടിപ്പിക്കുന്നതിനോ അവരുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതിനോവേണ്ടി സമരങ്ങളും പാടില്ല. ഉത്തരവ് ലംഘിച്ചാല്‍ ശക്തമായ ശിക്ഷാനടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

ഉത്തരവ് ലംഘിക്കുന്നവര്‍ക്ക്, ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കും. ഇതില്‍ 14 വയസ്സിനുമുകളിലുള്ള വിദ്യാര്‍ഥികള്‍ ഉത്തരവ് ലംഘിച്ചാല്‍, അതത് വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് സ്ഥിരമായോ നിര്‍ദിഷ്ട കാലയളവിലേക്കോ പുറത്താക്കും. 14 വയസ്സിനുതാഴെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെ നടപടി സ്വീകരിക്കും.

നിലവില്‍ 68 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് 10 ദ്വീപുകളിലായി ഉള്ളത്. നേഴ്സറി 16, പ്രൈമറി -21, അപ്പര്‍ പ്രൈമറി 10, സെക്കന്‍ഡറി സ്‌കൂള്‍ -3, സീനിയര്‍ സെക്കന്‍ഡറി 10, സിബിഎസ്ഇ ബോര്‍ഡ് സ്‌കൂള്‍ 5, എന്‍ജിനിയറിങ് ഡിപ്ലോമ കോളേജ് -1, ഡിഗ്രി കോളേജ് 2 എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഒമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഉത്തരവ് ബാധകമാകും.

 

Latest News