Sunday, April 20, 2025

രാഷ്ട്രീയക്കാര്‍ക്കിടയിലെ കുരുവി; ലാല്‍ ബഹദൂര്‍ ശാസ്ത്രി

ചെറുപ്പത്തിലെ അനാഥത്വത്തോട് പടപൊരുതി ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആയ സംഭവ ബഹുലമായ ജീവിതമാണ് സൗമ്യനും ശാന്തശീലനും ദൃഢചിത്തനുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന കുറിയ മനുഷ്യന്റേത്. 1902 ഒക്ടോബര്‍ രണ്ടിന് ഉത്തര്‍ പ്രദേശില്‍ കാശിക്ക് ഏഴു കിലോമീറ്റര്‍ അകലെയുള്ള മുഗള്‍ സരായിയിലാണ് ലാല്‍ ബഹദൂര്‍ ശ്രീവാസ്തവ എന്ന ശാസ്ത്രി ജനിക്കുന്നത്. ശ്രീവാസ്തവ എന്ന ജാതിപ്പേര് ഉപേക്ഷിക്കുകയും ശാസ്ത്രി എന്ന ബിരുദം തന്റെ പേരിനോട് ചേര്‍ക്കുകയും ചെയ്ത അദ്ദേഹം അക്കാലത്തു തന്നെ മാതൃകാ പുരുഷനായി.

രാഷ്ട്രീയക്കാര്‍ക്കിടയിലെ കുരുവി

എല്ലാത്തിനുമുപരിയായി രാജ്യതാത്പര്യങ്ങളെ വിലമതിച്ചിരുന്ന ആളായിരുന്നു ശാസ്ത്രി. ലാളിത്യവും വിനയവും കൊണ്ട് ഇന്ത്യക്കാര്‍ക്കിടയില്‍ അദ്ദേഹം പ്രിയപ്പെട്ടവനായി. തന്റെ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെയായിരുന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജീവിതം. 1955 ല്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ തമിഴ് നാട്ടിലെ അരിയല്ലൂരില്‍ 144 പേരുടെ മരണത്തിനിടയാക്കിയ റെയില്‍ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ചും ശാസ്ത്രി മാതൃകകാട്ടിയിട്ടുണ്ട്. ആകാരത്തിലെ കുറവുകൊണ്ട് അദ്ദേഹം രാഷ്ട്രീയക്കാര്‍ക്കിടയില്‍ ആദ്യമൊക്കെ കുരുവി എന്നാണ് അറിയപ്പെട്ടിരുന്നത്. പാറപോലെ ഉറച്ച നിലപാടുകളായിരുന്നു ശാസ്ത്രിയെ കരുത്തനാക്കിയത്. വാക്കുകള്‍ ഒട്ടും പാഴാക്കാതെ മൂര്‍ച്ചയേറിയ കൊച്ചു വാചകങ്ങള്‍ക്കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി

1964 മേയ് 27 ന് ജവഹര്‍ ലാല്‍ നെഹ്റു പെട്ടെന്ന് അന്തരിച്ചപ്പോള്‍ ഇനിയാര് എന്നൊരു ചോദ്യം സ്വാഭാവികമായി ഉണ്ടായി. മൊറാര്‍ജിയുടെയും ഇന്ദിരയുടെയും മറ്റും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയായിരുന്നു അന്ന് എല്ലാവര്‍ക്കും സമ്മതനായ വ്യക്തി.

ഗാന്ധിജിയുമായുള്ള സമാനത

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് തന്നെയാണ് ശാസ്ത്രിയുടേയും ജന്മദിനം. ലക്ഷക്കണക്കിന് ഇന്ത്യക്കാരെപ്പോലെ തന്നെ ഗാന്ധിജിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തന്റെ കൗമാരത്തില്‍ ബ്രീട്ടീഷ് ഭരണത്തിനെതിരെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയും സ്വാതന്ത്രസമരത്തില്‍ പങ്കാളിയാകുന്നത്. ഗാന്ധിജിയുടെ ലാളിത്യവും മൂല്യാധിഷ്ഠിത ജീവിതവും ശാസ്ത്രി പിന്തുടര്‍ന്നിരുന്നു.

സ്ത്രീധനമായി വാങ്ങിയ ചര്‍ക്ക

തന്റെ വിവാഹത്തിന് അദ്ദേഹം സ്ത്രീധനമായി വാങ്ങിയത് ചര്‍ക്കയും ഒരു ഖാദി വസ്ത്രവുമായിരുന്നു. അന്നു പലരുടേയും ആലോചനയ്ക്ക് അപ്പുറമുള്ള ഒന്നായിരുന്നു അത്. ഗാന്ധിജിയും അദ്ദേഹത്തിന്റെ ജീവിതവും ശാസ്ത്രിയില്‍ ചെലുത്തിയ സ്വാധീനം എത്ര വലുതായിരുന്നു എന്ന് ഇതില്‍ നിന്നു വ്യക്തമാണ്.

‘ജയ് ജവാന്‍ ജയ് കിസാന്‍’

1965 ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധകാലത്ത് അദ്ദേഹം കൊണ്ടുവന്ന ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യം ഇന്നും എല്ലാ ഇന്ത്യക്കാരനും കരുത്തും പ്രചോദനവുമേകുന്നു. സ്വാമി ദയാനന്ദ സരസ്വതിയുടെ 83-ാം ചരമവാര്‍ഷികത്തിന് ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍ ‘ജയ് ജവാന്‍, ജയ് കിസാന്‍’ മുദ്രാവാക്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയുണ്ടായി: ”നമ്മുടെ രാജ്യത്തിന് വിശ്രമിക്കാറായിട്ടില്ല. ഭാവി നമുക്കായി കരുതിവെച്ചിരിക്കുന്നതെന്തെന്ന് പറയാനാകുക പ്രയാസമാണ്. പ്രകോപനപരമായ നയങ്ങളില്‍നിന്ന് പാകിസ്താന്‍ ഇതുവരെ പിന്മാറിയിട്ടില്ല. അതുകൊണ്ടുതന്നെ നമ്മുടെ കര്‍ത്തവ്യമെന്താണെന്ന് വ്യക്തമാണ്. രാജ്യത്തിന്റെ പ്രതിരോധശക്തി മെച്ചപ്പെടേണ്ടിയിരിക്കുന്നു. അതിനൊപ്പം തന്നെ ഭക്ഷ്യോത്പാദനവും വര്‍ധിപ്പിക്കണം. ശക്തമായ പ്രതിരോധസംവിധാനത്തിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഭക്ഷ്യോത്പാദനത്തിലെ സ്വയംപര്യപ്തതയും. ‘ജയ് ജവാന്‍, ജയ് കിസാന്‍’ മുദ്രാവാക്യം അതുകൊണ്ടാണ്. ജവാനെപ്പോലെതന്നെ പോരാളിയാണ് കര്‍ഷകനും.

‘ആഴ്ചയിലൊരിക്കല്‍ ഉച്ചഭക്ഷണം ഉപേക്ഷിക്കൂ!’

ആദര്‍ശങ്ങള്‍ വാക്കുകളില്‍ മാത്രമല്ല പ്രവൃത്തിയിലുമുണ്ടെന്ന് തെളിയിച്ച നേതാവായിരുന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രി. ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന കാലത്ത് ആഴ്ചയിലൊരിക്കല്‍ ഉച്ചഭക്ഷണം ഉപേക്ഷിക്കൂ എന്ന് രാജ്യത്തെ പൗരന്മാരോട് നിര്‍ദേശിക്കുമ്പോള്‍ സ്വന്തം വീട്ടിലും ഇതു നടപ്പാക്കാന്‍ അദ്ദേഹം മറന്നില്ല. അദ്ദേഹത്തിന്റെ ഈ ആവശ്യത്തിന് രാജ്യത്തുടനീളം വന്‍ പ്രതികരണമാണുണ്ടായത്. ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിക്ക് പകരം ജലപീരങ്കി മതിയെന്ന് ഉത്തരവിട്ടത് അദ്ദേഹം പോലീസ്-ഗതാഗത മന്ത്രിയായിരുന്ന കാലത്താണ്. പൊതുഗതാഗത സംവിധാനങ്ങളില്‍ കണ്ടക്ടര്‍ സ്ഥാനത്തേക്ക് സ്ത്രീകളെ നിയമിച്ച ഉത്തരവും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേത് തന്നെ.

അപ്രതീക്ഷിത വിയോഗം

1966 ജനുവരി പത്തിന് പ്രസിദ്ധമായ താഷ്‌കന്റ് കരാറില്‍ പാക്കിസ്ഥാനുമായി ഒപ്പുവച്ചതിന് പിറ്റേന്നായിരുന്നു ശാസ്ത്രിയുടെ ഏറെ ദുരൂഹമായ മരണം. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. എന്നാല്‍ ശാസ്ത്രിയുടെ കുടുംബം അത് വിശ്വസിക്കാന്‍ തയാറായില്ല. അദ്ദേഹത്തിന്റെ ഡോക്ടറും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ശാസ്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കാലം ഇത്രയേറെ പിന്നിട്ടിട്ടും ഇതേക്കുറിച്ചുള്ള ദുരൂഹത പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നതാണ് ഖേദകരം. ഡല്‍ഹിയില്‍ വിജയ്ഘട്ടിലാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സമാധി സ്ഥലം.

Latest News