1865 ജനുവരി 28 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുള്ള ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ലാലാ ജനിച്ചത്. അന്നത്തെക്കാലത്ത് ഹിന്ദു മതത്തിലെ പ്രമുഖരായവരുടെ പേരിനു കൂടെ ചേര്‍ക്കുന്ന പദമായിരുന്നു ലാലാ എന്നത്. രാധാ കിഷന്‍ ആസാദും, ഗുലാബ് ദേവിയുമായിരുന്നു മാതാപിതാക്കള്‍. ലാലാ ലജ്പത് റായ്യുടെ കുടുംബം വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മുന്‍ഷി രാധാകൃഷ്ണ ആസാദ് പേര്‍ഷ്യന്‍, ഉര്‍ദ്ദു ഭാഷകളില്‍ പാണ്ഡിത്യം ഉള്ളയാളായിരുന്നു. 1886ല്‍ അദ്ദേഹത്തിന്റെ കുടുംബം ഹിസാറിലേക്ക് മാറി. അതേ സമയം അദ്ദേഹം നിയമം പഠിക്കാനും തുടങ്ങി. ദയാനന്ദ ആംഗ്ലോ-വേദിക് സ്‌കൂള്‍ എന്ന പേരില്‍ ദേശീയ പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകരുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടങ്ങിയത് ഇവിടെ വെച്ചാണ്.
പ്രിയപ്പെട്ട ലാലാജി
അടുപ്പമുള്ളവര്‍ ലാലാജി എന്നാണ് ലാലാ ലജ്പത് റായിയെ വിളിച്ചിരുന്നത്. ലാല്‍-പാല്‍-ബാല്‍ ത്രയത്തിലെ ഒരംഗം ലാലാ ലജ്പത് റായ് ആയിരുന്നു. 1880 ല്‍ ലാഹോറില്‍ പഠിക്കുമ്പോള്‍ സ്വാമി ദയാനന്ദ സരസ്വതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലജ്പത് റായി ആര്യ സമാജത്തില്‍ ചേര്‍ന്നു. 1886 ല്‍ അഭിഭാഷകനായി. ലാഹോറില്‍ ദയാനന്ദ ആംഗ്ലോ വേദിക് സ്‌കൂള്‍ ആരംഭിച്ചു. 1947ല്‍ വിഭജന ശേഷം ഈ സ്‌കൂളാണ് ഇസ്ലാമിയ കോളജാക്കി മാറ്റിയത്. 1917 ല്‍ അമേരിക്കയില്‍ ഇന്ത്യന്‍ ഹോം റൂള്‍ ലീഗ് സ്ഥാപിച്ചതും ലജ്പത് റായിയാണ്.
രാഷ്ട്രീയ പടനീക്കത്തിലെ പ്രധാനി
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രവര്‍ത്തകനായിരുന്നു ലാലാ ലജ്പത് റായ്. ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയപടനീക്കത്തില്‍ പ്രധാനിയുമായിരുന്നു. ‘എന്റെ ശരീരത്തിലേല്‍ക്കുന്ന ഓരോ പ്രഹരവും ബ്രിട്ടന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്’ എന്നു പറഞ്ഞ ധീര സ്വാതന്ത്ര്യ പോരാളിയായിരുന്നു അദ്ദേഹം. ഗാന്ധിക്കും നെഹ്റുവിനും മുന്‍പ് സ്വദേശി പ്രസ്ഥാനം എന്ന ആശയം ലാലാജി അവതരിപ്പിച്ചിരുന്നു. സ്വദേശി പ്രസ്ഥാനത്തിന്റെ ശില്‍പ്പിയും ലാലാജിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1920ലെ പ്രത്യേക സെഷന് അദ്ധ്യക്ഷത വഹിച്ചത് ലാലാജിയാണ്. ബ്രിട്ടണ് എതിരെയുള്ള പ്രതിരോധത്തിന് രൂപം കൊടുത്ത നിര്‍ണായക സമ്മേളനങ്ങളില്‍ ഒന്നായിരുന്നു അത്.
പഞ്ചാബിലെ സിംഹം
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലാണ് ലാലാ ലജ്പത് റായ് നിന്നത്. അകാരണമായി ഇന്ത്യക്കാരെ ജയിലില്‍ അടയ്ക്കുന്ന റൗലത്ത് നിയമത്തിന് എതിരെ ശബ്ദമുയര്‍ത്തിയതിന് പഞ്ചാബിലെ സിംഹമെന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചു. പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ടിരുന്ന ലാലാ ലജ്പത് റായിയുടെ ചരമ ദിനമായ നവംബര്‍ 17 ഇന്ത്യയില്‍ രക്തസാക്ഷി ദിനമായി ആചരിക്കാറുണ്ട്. ലാലാ ലജ്പത് റായ്യുടെ സ്മരണയില്‍ ഇന്ത്യ പോസ്റ്റല്‍ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.
ജനങ്ങളുടെ സ്വന്തം പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക്, ലക്ഷ്മി ഇന്‍ഷുറന്‍സ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളാണ് ലാലാ ലജ്പത് റായ്. സഹകരണത്തില്‍ വിശ്വസിച്ചിരുന്ന ലാലാ ലജ്പത് ആണ് 1895ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് തുടക്കമിട്ടത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിലൊന്നാണിത്.
പ്രധാന രചനകള്‍
ആര്യ സമാജം, ബ്രിട്ടണ് എതിരെയുള്ള നിലപാടുകള്‍, വിദ്യാഭ്യാസം, സ്വരാജ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അദ്ദേഹം ആഴത്തില്‍ എഴുതിയിട്ടുണ്ട്. ദ സ്റ്റോറി ഓഫ് മൈ ഡീപോര്‍ട്ടേഷന്‍ , ആര്യ സമാജ്, ദ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക: എ ഹിന്ദൂസ് ഇംപ്രഷന്‍, അണ്‍ഹാപ്പി ഇന്ത്യ, ഓട്ടോബയോഗ്രഫിക്കല്‍ റൈറ്റിംങ്സ് എന്നിവയാണ് പ്രധാന രചനകള്‍. 1907 ല്‍ അദ്ദേഹം അമേരിക്കയില്‍ സന്ദര്‍ശനം നടത്തി, യുഎസിലെ സിഖ് സമൂഹത്തെ നേരിട്ടു സന്ദര്‍ശിച്ച്, നിറവും ജാതിയും പോലുള്ള വിഷയങ്ങളില്‍ ഊന്നല്‍ നല്‍കി യാത്രാ വിവരണവും തയാറാക്കി.
വീര മരണം
ഭരണഘടന പരിഷ്‌കരണം ലക്ഷ്യമിട്ട് 1928 ഒക്ടോബര്‍ 30ന് ലാഹോറിലെത്തിയ സൈമണ്‍ കമ്മീഷന് എതിരെ പ്രതിഷേധിച്ചപ്പോഴാണ് ലാലാജിക്ക് ജീവന്‍ പോലും നഷ്ടമായത്. കമ്മീഷനെതിരെ ലാലാ ലജ്പത് റായിയുടെ നേതൃത്വത്തില്‍ സമാധാനപരമായി ഒരു ജാഥ സംഘടിപ്പിക്കുകയുണ്ടായി. സമാധാനപരമായി നീങ്ങിക്കൊണ്ടിരുന്ന ജാഥക്കെതിരേ ലാത്തിച്ചാര്‍ജ് നടത്താന്‍ പോലീസ് സൂപ്രണ്ടായിരുന്ന ജെയിംസ് എ.സ്‌കൗട്ട് ഉത്തരവിട്ടു. റായിക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ നെഞ്ചില്‍ ഗുരുതര പരിക്കേറ്റ് ലാലാജി അധികം വൈകാതെ മരണപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് ഭഗത് സിങ്ങിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ദേശാഭിമാനികള്‍ പോലീസ് മേധാവിയെ വധിക്കാന്‍ ശ്രമിച്ചത്.