ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദഗ്ദര്‍. പരിചയസമ്പന്നരുടെ പഠനറിപ്പോര്‍ട്ടുകള്‍ അവഗണിച്ച് അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് ഭൂമി ഇടിഞ്ഞുതാഴാന്‍ കാരണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
“വന്‍കിട നിര്‍മ്മാണങ്ങള്‍ താങ്ങാനുള്ള ശേഷി ജോഷിമഠിനില്ല. പദ്ധതികള്‍ സൂക്ഷിച്ചുവേണം. മുന്നറിയിപ്പുകള്‍ അവഗണിച്ച് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ ജനങ്ങളെ ഒഴിപ്പിക്കുക മാത്രമാണ് മാര്‍ഗ്ഗം” – സ്ഥലത്തെക്കുറിച്ചു പഠിച്ച ജിയോളജിസ്റ്റ് എസ്.പി. സതി പറഞ്ഞു. സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ജോഷിമഠില്‍ ഡിസംബര്‍ 24 മുതലാണ് ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം കണ്ടുതുടങ്ങിയത്. ജനുവരി ആദ്യം മുതല്‍ വീടുകള്‍ ഇടിഞ്ഞുതാഴാനും തുടങ്ങി. ഒരോ നിമിഷവും വീടുകള്‍ ഇടിഞ്ഞുതാഴുന്ന സ്ഥിതിയാണ് ജോഷിമഠില്‍ ഇപ്പോഴുള്ളത്.
അതേസമയം ജോഷിമഠിലെ ആളുകളെ സ്ഥലത്തു നിന്ന് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ ജോഷിമഠക്കാർ പ്രതിഷേധം നടത്തിയിരുന്നു. നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതാണ് തങ്ങളെ തെരുവിലേക്ക് തള്ളിവിട്ടത് എന്നാണ് പ്രദേശവാസികളുടെ ആരോപണം.