Monday, November 25, 2024

ഉരുള്‍പ്പൊട്ടല്‍ ദുരന്തം: 1,200 കോടി രൂപയുടെ നഷ്ടമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വയനാട് ഉരുള്‍പൊട്ടലില്‍ 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1,555 വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

231 മരണം സ്ഥിരീകരിച്ചു. 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയാനാവാത്ത 53 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 128 പേരെ ഇനിയും കണ്ടെത്താനുണ്ട്. 626 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. മൂന്ന് പാലങ്ങള്‍ തകര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 136 കെട്ടിടങ്ങള്‍, 209 കടകള്‍, മറ്റ് 100 കെട്ടിടങ്ങള്‍, രണ്ട് സ്‌കൂളുകള്‍, 1.5 കിലോമീറ്റര്‍ റോഡ്, 124 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുതി ലൈനുകള്‍, രണ്ട് ട്രാന്‍സ്ഫോര്‍മര്‍ എന്നിവയും തകര്‍ന്നു. 226 കന്നുകാലികള്‍ ചത്തതായും സര്‍ക്കാര്‍ വിശദീകരിച്ചു.

പ്രാഥമിക വിവരമാണിത്. വിശദ റിപ്പോര്‍ട്ട് പിന്നീട് നല്‍കും. ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ എ.ജി വിശദീകരണത്തിന് സമയം തേടി. പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ക്ക് സ്വീകരിച്ച നടപടി ഒരോ ആഴ്ചയിലും അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാ വെള്ളിയാഴ്ചയും ആദ്യകേസായി പരിഗണിക്കും.

ഒരു പ്രത്യേക മേഖലയില്‍ അസാധാരണമായി മഴ പെയ്യുമ്പോള്‍ പ്രദേശത്തുള്ളവരെ മാറ്റുന്നതടക്കമുള്ള നടപടി ഉണ്ടാകണമെന്ന് കോടതി അഭിപ്രായപ്പെട്ടു. മഴ മാറുന്നതോടെ വയനാടിന് പുറത്തുള്ള മേഖലയിലെ പ്രശ്നങ്ങളും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

 

Latest News