Friday, April 4, 2025

വടക്കന്‍ സിക്കിമിലെ മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി

വടക്കന്‍ സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ഇന്ത്യന്‍ ആര്‍മി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വെള്ളിയാഴ്ച സിക്കിമിലെ ചുങ്താങ് മേഖലയില്‍ കുടുങ്ങിക്കിടന്ന
300 വിനോദസഞ്ചാരികളെ സൈന്യം രക്ഷപെടുത്തി. ഇന്ത്യന്‍ ആര്‍മിയുടെ ത്രിശക്തി കോര്‍പ്സും സ്ട്രൈക്കിംഗ് ലയണ്‍ ഡിവിഷനും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിൽ ചുങ്താങ് മേഖലയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നാലെ മഴവെള്ളപ്പാച്ചിലില്‍ ചുങ്താങ്ങിനടുത്തുള്ള ഒരു പാലം ഒലിച്ചുപോയി. ഇതോടെ ലാചുങ്, ലാചെന്‍ എന്നിവ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയായിരുന്നു. മേഖലയില്‍ ഏകദേശം 3,500 വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടന്നിരുന്നത്. ഇതില്‍ 2000-ലധികം വിനോദസഞ്ചാരികളെ ശനിയാഴ്ച, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് കരസേന പ്രദേശത്തു നിന്ന് രക്ഷപെടുത്തി.

എന്നാല്‍ 300 വിനോദസഞ്ചാരികള്‍ കൂടി മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈന്യം ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കുകയായിരുന്നു. താത്കാലികമായി നിര്‍മ്മിച്ച പാലത്തിനു മുകളിലൂടെ 300 വിനോദസഞ്ചാരികളെയും സൈന്യം സുരക്ഷിതമേഖലകളിലേക്ക് എത്തിക്കുകയായിരുന്നു. വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യന്‍ സൈന്യം ഭക്ഷണവും വിശ്രമസ്ഥലവും മരുന്നും നല്‍കി. അബോധാവസ്ഥയിലായ ഒരാളെ ഉടന്‍ തന്നെ മെഡിക്കല്‍ സംഘം അടുത്തുള്ള ആര്‍മി ഹോസ്പിറ്റലില്‍ എത്തിച്ചു. ഇയാളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് ലഭ്യമായ വിവരം.

Latest News