കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ ഡയാലിസിസ് ബ്ലോക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. തുടക്കത്തില്‍ 3 ഷിഫ്റ്റുകളിലായി 162 പേര്‍ക്ക് ഒരു ദിവസം ഹീമോഡയാലിസിസിനു വിധേയമാകാം.
54 ഡയാലിസിസ് മെഷീനുകള്‍, 54 കൗച്ചുകള്‍, മള്‍ട്ടി പാരമോണിറ്ററുകള്‍, 6 നഴ്‌സിംഗ് സ്റ്റേഷനുകള്‍, 3 ഹെല്‍പ്ഡെസ്‌കുകള്‍, 12 സ്‌ക്രബ്ബ് ഏരിയകള്‍, 300 ഡയലൈസറുകള്‍, സ്റ്റോറൂം തുടങ്ങി എല്ലാം എല്ലാം ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.
കിടക്കയും ബെഡ്സൈഡ് ലോക്കറും കാര്‍ഡിയാക് ടേബിളും മോണിറ്ററും ഡയാലിസിസ് മെഷീനും അടങ്ങുന്നതാണ് ഒരു യൂണിറ്റ് എന്നും മൂന്ന് റോട്ടറി ക്ലബ്ബുകളുടെയും കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെയും സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് യൂണിറ്റുകള്‍ സജ്ജമാക്കിയത് എന്നും മന്ത്രി കുറിച്ചു.
ഇന്ത്യയിലാദ്യമായി ജില്ലാ ജനറല്‍ ആശുപത്രി വിഭാഗത്തില്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയും, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയയും നടത്തിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റും സജ്ജമായിരിക്കുന്നു. വൃക്ക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി ഹീമോഡയാലിസിസും, പെരിട്ടോണിയല്‍ ഡയാലിസിസും, റീനല്‍ ട്രാന്‍സ്പ്ലാനറ്റേഷനും സാധ്യമാക്കി ഒരു സമഗ്ര നെഫ്രോളജി പാക്കേജ് ഈ ആശുപത്രിയില്‍ യാഥാര്‍ഥ്യമായിരിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി.