ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറി ഇന്ത്യയില്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം ഓഗസ്റ്റില്‍ ആരംഭിക്കും. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കമ്പനി ഗ്രൂപ്പായ ടാറ്റായാണ് ഐഫോണ്‍ ഫാക്ടറി ഏറ്റെടുക്കുന്നത്.
നിലവില്‍ ചൈനയിലാണ് ഏറ്റവും ബൃഹത്തായ ഐഫോണ്‍ ഫാക്ടറിയുള്ളത്. ഇത് മറികടക്കുന്ന നിലയിലാണ് ദക്ഷിണ കർണ്ണാടകത്തിലെ വിസ്ട്രോണ്‍ കോര്‍പ്പറേഷന്‍ ഫാക്ടറി ഐഫോണ്‍ നിര്‍മ്മാണത്തിനായി ഒരുങ്ങുന്നത്. ഐഫോണിന്റെ ഉടമസ്ഥരായ ആപ്പിളിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സ്വകാര്യ കമ്പനിക്ക് നിര്‍മ്മാണകരാര്‍ നല്‍കുന്നത്. 600 മില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന പദ്ധതിയാണ് ഇതെന്നാണ് വിലയിരുത്തല്‍.
ഐഫോണിന്റെ നിര്‍മ്മാണം ഇന്ത്യയിലേക്കെത്തുന്നതോടെ 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ പ്ലാന്റിലെ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കാനും പദ്ധതിയിട്ടിരിക്കുകയാണ്. ഓഗസ്റ്റില്‍ ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്ന ഫാക്ടറിയില്‍ നിന്നും 2024-ഓടെ കുറഞ്ഞത് 1.8 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ പുറത്തിറക്കാനാണ് ടാറ്റാ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.