പരിസ്ഥിതിലോല മേഖല വിഷയത്തില്‍ ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് ഹര്‍ത്താല്‍ ജൂണ്‍ 10നും യുഡിഎഫ് ഹര്‍ത്താല്‍ 16നുമാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കുന്ന തരത്തില്‍ വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയില്‍ സ്ഥിരം കെട്ടിടങ്ങളോ ദേശീയ വന്യജീവി സങ്കേതം, ദേശീയ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഖനനമോ പാടില്ലെന്നും സുപ്രീം കോടതി വിധിച്ചു. ഇതുപ്രകാരം, നിലവിലെ പരിസ്ഥിതിലോല മേഖലയില്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിര്‍മിതികളെക്കുറിച്ചും സര്‍വേ നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും വനംവകുപ്പ് അധികൃതരോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.