ഭാരതം കണ്ട പ്രഗല്ഭനായ വാഗ്മി, പ്രമുഖ ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ബിപിന്‍ ചന്ദ്ര പാല്‍. 1858 നവംബര്‍ 7 ന് ബംഗാളിലെ പൊയില്‍ എന്ന ഗ്രാമത്തിലാണ് ബിപിന്‍ ജനിച്ചത്. പിതാവ് രാമചന്ദ്ര ഒരു ജമീന്ദാര്‍ ആയിരുന്നു. അദ്ദേഹം ഒരു പേര്‍ഷ്യന്‍ പണ്ഡിതന്‍ കൂടിയായിരുന്നു. മാതാവ് നാരായണീ ദേവി. യാഥാസ്ഥിതിക ചുറ്റുപാടില്‍ ബാല്യകാലം കഴിച്ചുകൂട്ടി. ഇംഗ്ലീഷ് വിദ്യാഭ്യാസം മതപരമായ വിശ്വാസങ്ങളെ ഹനിക്കുന്നു എന്ന തോന്നലുളവായപ്പോള്‍ രാമചന്ദ്ര തന്റെ പുത്രന്റെ വിദ്യാഭ്യാസം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ പിന്നീട് സ്‌കൂള്‍ വിദ്യാഭ്യാസം തുടരുകയും, അതിനുശേഷം പ്രവേശനപരീക്ഷയിലൂടെ കല്‍ക്കട്ടാ സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിനായി ചേരുകയും ചെയ്തു. 1875 ല്‍ തുടര്‍ പഠനത്തിനായി പ്രസിഡന്‍സി കോളേജില്‍ പ്രവേശനം നേടി. സ്‌കോളര്‍ഷിപ്പോടുകൂടിയാണ് ബിപിന്‍ പ്രസിഡന്‍സിയില്‍ ഉപരിപഠനം നടത്തിയത്.
കോണ്‍ഗ്രസിലേയ്ക്ക്
വലിയ ഒരു പുസ്തകശേഖരത്തിനു നടുവില്‍ പഠിച്ചും വായിച്ചുമുള്ള ജീവിതം ബിപിന്‍ ചന്ദ്രപാലിന്റെ ചിന്തകളെ മാറ്റിമറിച്ചു. വായനയില്‍ നിന്നുടലെടുത്ത ചിന്തകള്‍ ആദ്യം കൂട്ടുകാരോടും പിന്നീട് ചെറു സദസുകളിലും പങ്കുവെച്ചു. 1886 ല്‍ ആണ് ബിപിന്‍ കോണ്‍ഗ്രസ്സില്‍ അംഗമായി ചേരുന്നത്.
ഇന്ത്യയിലെ ബ്രൂക്ക്
മദ്രാസില്‍ അക്കാലത്ത് നിലവിലിരുന്ന ആയുധ നിയമം പിന്‍വലിക്കാന്‍ വേണ്ടി നടന്ന ഒരു പ്രതിഷേധ യോഗത്തില്‍ ബിപിന്‍ പ്രസംഗിക്കുകയുണ്ടായി. പിന്നീട് ഭാരതത്തിലെ മികച്ച പ്രസംഗകരില്‍ ഒരാളായി മാറി. അദ്ദേഹത്തിന്റെ പ്രസംഗചാതുരി കണ്ട് ചിലര്‍ അദ്ദേഹത്തെ ഇന്ത്യയിലെ ബ്രൂക്ക് എന്നു വിശേഷിപ്പിക്കുകയുണ്ടായി.
ദേശഭക്തിയുടെ പ്രവാചകന്‍
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യസമരത്തില്‍ ബാല്‍-ലാല്‍-പാല്‍ ത്രയം എന്നറിയപ്പെട്ട ബാലഗംഗാധര തിലകന്‍, ലാലാ ലജ്പത്‌റായ്, ബിപിന്‍ ചന്ദ്രപാല്‍ എന്നിവര്‍ അണികള്‍ക്ക് ആവേശം പകരുകയും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറുകയും ചെയ്തു. അമ്പതു കൊല്ലക്കാലം പൊതു പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ഒരു നേതാവു കൂടിയായിരുന്നു ബിപിന്‍ ചന്ദ്ര പാല്‍. ദേശഭക്തിയുടെ പ്രവാചകന്‍ എന്നാണ് അരബിന്ദോ ഘോഷ് ബിപിന്‍ ചന്ദ്ര പാലിനെ വിശേഷിപ്പിച്ചത്. പൂര്‍ണ്ണ സ്വരാജ് എന്ന ആശയം കോണ്‍ഗ്രസ്സിനേക്കാള്‍ മുമ്പ് സ്വീകരിച്ച ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ബംഗാള്‍ വിഭജന കാലത്ത് വിദേശ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് അദ്ദേഹം തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു.
പത്രപ്രവര്‍ത്തനം
1883 ല്‍ ബംഗാള്‍ പബ്ലിക്ക് ഒപ്പീനിയന്‍ എന്ന വാരികയില്‍ ബിപിന്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തിരുന്നു. 1884 ല്‍ ആലോചന എന്ന പേരില്‍ ഒരു ബംഗാളി മാസിക അദ്ദേഹം ആരംഭിച്ചു. ശിവനാഥ് ശാസ്ത്രി, രബീന്ദ്രനാഥ് ടാഗോര്‍ തുടങ്ങിയ പ്രമുഖര്‍ ഈ മാസികയില്‍ ലേഖനങ്ങള്‍ എഴുതുമായിരുന്നു. 1887 ല്‍ ട്രൈബ്യൂണ്‍ പത്രത്തിന്റെ സബ്-എഡിറ്ററായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. 1892 ല്‍ ആശ എന്ന പേരില്‍ ഒരു ബംഗാളി മാസിക തുടങ്ങുകയുണ്ടായി. 1894 ല്‍ കൗമുദി എന്ന പേരുള്ള ഒരു ദ്വൈവാരികയും ബിപിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസരീതിയെ പരിഷ്‌കരിക്കുന്നതിനുവേണ്ടി 1901 ല്‍ അദ്ദേഹം ന്യൂ ഇന്ത്യ എന്ന ഇംഗ്ലീഷ് വാരിക തുടങ്ങി. 1906 ല്‍ തന്റെ ഒരു സുഹൃത്ത് സംഭാവനയായി നല്‍കിയ 500 രൂപകൊണ്ട് ബിപിന്‍ വന്ദേ മാതരം എന്നൊരു പത്രവും ആരംഭിച്ചു.
നവോത്ഥാന നായകന്‍
തൊട്ടുകൂടായ്മക്ക് എതിരേയും, സതി എന്ന ആചാരത്തിനെതിരേയും സന്ധിയില്ലാ സമരത്തിലേര്‍പ്പെട്ടു. പാവങ്ങളുടേയും തൊഴിലാളികളുടേയും ക്ഷേമത്തിനു വേണ്ടിയായിരുന്നു അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ നേതാക്കളിലൊരാള്‍ എന്ന രീതിയിലും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. സ്വരാജിനു വേണ്ടി നിരന്തരം വാദിച്ച ആ സ്വാതന്ത്ര്യ സമര സേനാനി 1932 ല്‍ മരിച്ചു.
പാല്‍ ചൗക്
രാജമുണ്ട്രിയിലെ പ്രശസ്തമായ വാണിജ്യകേന്ദ്രമാണ് പാല്‍ ചൗക്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബിപിന്‍ ചന്ദ്രപാലിന്റെ പേരാണ് ഈ ഭാഗത്തിന് നല്‍കിയിരിക്കുന്നത്. വന്ദേമാതരം പ്രക്ഷോഭത്തിനിടെ ബിപിന്‍ ചന്ദ്രപാല്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. നഗരത്തിലെ പ്രമുഖ സ്ഥലങ്ങളുമായെല്ലാം പാല്‍ ചൗക് ബന്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് പാര്‍ക്കുകള്‍, ജട്ടി ടവറുകള്‍, ബസ് സ്റ്റാന്‍ഡ്, പെട്രോള്‍ പമ്പുകള്‍ എന്നിവയെല്ലാം പാല്‍ ചൗക്കിലുണ്ട്. പാല്‍ ചൗക്കിലൂടെ നടന്നാല്‍ നഗരത്തിന്റെ സാംസ്‌കാരിക സ്പന്ദനങ്ങളെല്ലാം അടുത്തറിയാന്‍ കഴിയും.