രാജ്യത്ത് ഇസ്ലാമിക ജിഹാദ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 14 പാക്ക് വംശജരെ സ്പെയിന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ തീവ്രവാദ ശ്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി ആരംഭിച്ച ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റ്. സ്പെയിനിലെ ജനറൽ ഇൻഫർമേഷൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇസ്ലാമിക ജിഹാദ് അനുകൂലികളെ അറസ്റ്റു ചെയ്തതെന്ന് യൂറോ വീക്കിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യൂറോ വീക്കിലി ന്യൂസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, അറസ്റ്റിലായ പാക്ക് വംശജര്‍ ഓണ്‍ലൈനായി ഇസ്ലാമിക ജിഹാദ് ആശങ്ങളും ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചിരുന്നതായി ആരോപിക്കുന്നു. കൂടാതെ, കൂടുതല്‍ ആളുകളെ ഇസ്ലാമിക ജിഹാദ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്പെയിനിലെ പ്രവിശ്യകളായ കാറ്റലോണിയ, വലൻസിയ, ഗൈപുസ്കോവ, വിറ്റോറിയ, ലോഗ്രോനോ എന്നീ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും യൂറോ വീക്കിലി വ്യക്തമാക്കി. ഇസ്ലാമിക ജിഹാദ് അനുകൂലികളുടെ അറസ്റ്റ് സ്പെയിന്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
സമാനമായി കഴിഞ്ഞ മാസവും സ്പെയിന്‍ ദേശീയ സുരക്ഷാസേനയുടെ നേതൃത്വത്തില്‍ നാല് ഇസ്ലാമിക ജിഹാദി അനുകൂലികളെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ ഗ്രാനഡ പ്രവിശ്യയിലെ മുന്‍സിപ്പാലിറ്റിയായ ഹ്യൂറ്റർ-താജർ, ബാഴ്‌സലോണയിലെ ക്യൂബെൽസ്, മാഡ്രീട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവരാണെന്ന് സ്പാനിഷ് വീക്കിലി റിപ്പോര്‍ട്ടു ചെയ്തത്.