ശൈത്യം കഠിനമാകുന്നതിനു മുൻപ് റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ച നഗരങ്ങളിൽ നിന്നും മാറുവാൻ പൗരന്മാരോട് ഉക്രെയ്‌നിയൻ ഭരണകൂടം ആവശ്യപ്പെട്ടു. റഷ്യൻ ഷെല്ലാക്രമണം മൂലം ചൂടുപിടിക്കുന്നതിനുള്ള സൗകര്യങ്ങളും കറണ്ടും വെള്ളവും എത്തിക്കുന്നതിനുള്ള സ്രോതസുകളും തകർന്നിരിക്കുന്നതിനാൽ ശൈത്യകാലത്ത് ജീവിത സാഹചര്യങ്ങൾ വളരെ ബുദ്ധിമുട്ടാക്കുമെന്ന് ഭയന്ന് ആണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയത്.
ഇതേതുടർന്ന് അടുത്തിടെ മോചിപ്പിച്ച കെർസൺ, മൈക്കോലൈവ് മേഖലകളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാൻ തുടങ്ങി. മാസങ്ങളായി റഷ്യൻ സേന ഷെല്ലാക്രമണം നടത്തുന്ന രണ്ട് തെക്കൻ പ്രദേശങ്ങളിലെ താമസക്കാരോട് രാജ്യത്തിന്റെ മധ്യ, പടിഞ്ഞാറൻ ഭാഗങ്ങളിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശൈത്യകാലത്തോട് അനുബന്ധിച്ചു കുട്ടികൾക്കും രോഗികൾക്കും പ്രായമായ സ്ത്രീകൾക്കും മുൻഗണന നൽകിക്കൊണ്ട് അവർക്ക് യാത്രാസൗകര്യവും താമസസൗകര്യവും വൈദ്യസഹായവും സർക്കാർ നൽകുമെന്ന് ഉക്രേനിയൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് വ്യക്തമാക്കി.
ഇപ്പോൾ വിദേശത്ത് താമസിക്കുന്ന പൗരന്മാരോട് ശീതകാലത്തേക്ക് ഉക്രെയ്നിലേക്ക് മടങ്ങരുതെന്ന് വെരേഷ്ചുക്ക് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഒപ്പം ഉക്രൈനിൽ താമസിക്കുന്ന ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങളെ എങ്ങനെ വിനിയോഗിക്കണം എന്ന നിർദ്ദേശവും ഭരണകൂടം നൽകിയിട്ടുണ്ട്. ഉക്രെയ്‌ൻ കഠിനമായ ശൈത്യകാലത്തെ അഭിമുഖീകരിക്കുന്നുവെന്ന് യുഎന്നും വെളിപ്പെടുത്തി.