ഇസ്രായേൽ ആക്രമണങ്ങളിൽ നിരാലംബരാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്ത ആളുകളാൽ ലെബനൻ വലയുകയാണെന്നു യുഎൻ. അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി ലെബനനിൽ സന്ദർശനത്തിനായി എത്തിയതിനു പിന്നാലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“ലെബനനിലെ മാനുഷിക പ്രതിസന്ധി ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രയേൽ വ്യോമാക്രമണം വൈദ്യരംഗത്തെ ഉൾപ്പെടെ തകിടം മറിച്ചു. ലെബനനിലെ ആരോഗ്യ പരിപാലന സംവിധാനം തകർച്ചയുടെ വക്കിലാണ്”- ലോകാരോഗ്യ സംഘടന അറിയിച്ചു. സെപ്റ്റംബർ 23 ന് ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 1,110-ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തെ തുടർന്ന് 12 ലക്ഷം ആളുകൾ പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയും ചെയ്തു.
അതേസമയം ഇറാൻ, ലെബനൻ, ഗാസ എന്നിവിടങ്ങളിൽ വൻ തോതിലുള്ള ആക്രമണത്തിന് ഇസ്രയേൽ സൈന്യം തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനൻ്റെ തെക്കൻ അതിർത്തിയിൽ ഐഡിഎഫും ഹിസ്ബുള്ളയും ഏറ്റുമുട്ടലുകൾ നടന്നതായും റിപ്പോർട്ടുകൾ ഉണ്ട്.