തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഇസ്രായേലും ലെബനനും തമ്മിലുള്ള സംഘർഷം വർധിച്ചു. ഈ മേഖലയിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള സമയപരിധിയും കഴിഞ്ഞിരുന്നു. യു. എസിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ 60 ദിവസത്തെ വെടിനിർത്തൽ കരാർ ഒപ്പിട്ടിരുന്നു. ഇസ്രായേലി സൈനികരെ പിൻവലിക്കാനും തെക്കൻ ലെബനനിൽനിന്ന് ഹിസ്ബുള്ള പോരാളികളും ആയുധങ്ങളും നീക്കം ചെയ്യാനും അതിൽ വ്യവസ്ഥ ചെയ്തിരുന്നു.
തങ്ങളുടെ സൈനികരിലൊരാൾ ഇസ്രായേൽ വെടിവയ്പ്പിൽ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് സൈന്യം റിപ്പോർട്ട് ചെയ്തു. അതേസമയം പ്രദേശം സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് അവഗണിച്ച് ആയിരക്കണക്കിന് താമസക്കാർ തെക്കൻ ലെബനനിലെ വീടുകളിലേക്കു മടങ്ങി.
സംഘർഷം ഇതിനകം തന്നെ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ലെബനനിൽ നിരവധി സിവിലിയന്മാർ ഉൾപ്പെടെ നാലായിരത്തോളം ആളുകൾ കൊല്ലപ്പെട്ടു. 1.2 ദശലക്ഷത്തിലധികം താമസക്കാർ പലായനം ചെയ്തു. വെടിനിർത്തൽ കരാർ യു. എസ്. ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നേട്ടമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ കാലതാമസവും ലംഘനങ്ങളും മൂലം അത് നടപ്പിലാക്കുന്നത് തടസ്സപ്പെട്ടു. ഈ സമയപരിധി പാലിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെടുന്നത് ‘കരാറിന്റെ നഗ്നമായ ലംഘനം’ ആയിരിക്കുമെന്ന് സംഘർഷത്തിൽ ഗുരുതരമായി ദുർബലമായ ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി.