ഇറാൻ പാർലമെന്റ് സ്പീക്കർ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് ബെയ്റൂട്ടിലെ ഇറാനിയൻ അംബാസിഡറെ വിളിച്ചുവരുത്തി ലെബനൻ. ഫ്രാൻസിലെ ലെ ഫിഗാരോയിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ, ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഗാലിബാഫ്, ഐക്യരാഷ്ട്രസഭയുടെ പ്രമേയം 1701 നടപ്പാക്കാൻ ഫ്രാൻസുമായി ചർച്ചയ്ക്ക് തന്റെ രാജ്യം തയ്യാറാണെന്ന് വെളിപ്പെടുത്തിയിരുന്നു. വിവാദപരമായ ഈ പരാമർശത്തെ തുടർന്നാണ് ബെയ്‌റൂട്ട് ലെബനനിലെ ഇറാൻ പ്രതിനിധിയെ വിളിച്ചുവരുത്തിയത്.
2006-ൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള അവസാനത്തെ സംഘർഷം അവസാനിപ്പിച്ച പ്രമേയം 1701, തെക്കൻ ലെബനൻ, ലെബനൻ ഭരണകൂടത്തിൽ നിന്നല്ലാതെ മറ്റേതെങ്കിലും സൈന്യത്തിന്റെയോ ആയുധങ്ങളുടെയോ സഹായം തേടരുത് എന്ന് ആവശ്യപ്പെടുന്നു. പ്രമേയം 1701 നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ലെബനന്റെ ആഭ്യന്തരകാര്യമാണെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മികാതി ഇറാൻ പ്രതിനിധിയോട് വെളിപ്പെടുത്തി.
“മുഹമ്മദ് ബഖർ ഗാലിബാഫിന്റെ പരാമർശങ്ങൾ ലെബനൻ കാര്യങ്ങളിൽ ഇറാൻ നടത്തുന്ന പ്രകടമായ ഇടപെടലാണ്. ലെബനന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ശ്രമമാണ് ഇത്തരത്തിലുള്ള പരാമർശങ്ങളിലൂടെ വെളിപ്പെടുന്നത്. ഞാൻ അതിൽ അത്ഭുതപ്പെടുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു.