Wednesday, November 27, 2024

നൊബേല്‍ സമ്മാന ജേതാവായ എഴുത്തുകാരന്‍ മൊ യാനെതിരെ ചൈനയില്‍ നിയമ നടപടി

ചൈനയില്‍ ഉയര്‍ന്നുവരുന്ന അതിദേശീയതയ്ക്ക് ഇരയായി നൊബേല്‍ ജേതാവാവായ എഴുത്തുകാരന്‍ മോ യാനും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും സൈന്യത്തെയും രക്തസാക്ഷികളെയും അവഹേളിച്ചെന്നാരോപിച്ച് നിലവില്‍ മൊ യാന്‍ നിയമനടപടി നേരിടുകയാണ്. ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ ദേശീയവാദികള്‍ ശക്തമാകുന്നതിന്റെ ഭാഗമായാണ് മൊ യാനെ പോലെ ലോകത്തെമ്പാടും സ്വീകാര്യതയുള്ള എഴുത്തുകാരനെതിരെയും ആക്രമണം നടക്കുന്നത്.

ഈ അതിദേശീയ തരംഗത്തിന്റെ രൂക്ഷത എത്രത്തോളമുണ്ടെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. ദേശീയവാദിയായ വൂ വന്‍ഴെങ് എന്ന ബ്ലോഗറാണ് മൊ യാനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. 2018ല്‍ നിലവില്‍ വന്ന ദേശസ്നേഹ നിയമമാണ് കേസെടുക്കാന്‍ കാരണമായത്. ഈ നിയമപ്രകാരം, രാജ്യത്തെയോ, സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയോ, രക്തസാക്ഷികളെയോ, സൈനികരെയോ അവഹേളിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് കുറ്റകൃത്യമാണ്. മൂന്നു വര്‍ഷം തടവുള്‍പ്പെടെയുള്ള ശിക്ഷയും ലഭിക്കും.

മൊ യാന്റെ ശരിയായ പേര് ഗുവാന്‍ മൊയെ എന്നാണ്. 2012 ലാണ് അദ്ദേഹം നൊബേല്‍ സമ്മാനത്തിന് അര്‍ഹനാകുന്നത്. അദ്ദേഹം തന്റെ കൃതികളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത് ചൈനയിലെ പ്രാദേശിക ജീവിതവും അതുപോലെ ചൈനയുടെ സാമ്പത്തികമായ കുതിപ്പില്‍ തളര്‍ന്നുപോയ വിഭാഗം ജനങ്ങളെയുമാണ്. ഇരുട്ടിനെ കുറിച്ചും അനീതിയെ കുറിച്ചും സംസാരിക്കാന്‍ കെല്‍പ്പുള്ളതാകണം സാഹിത്യവും കലയും എന്നാണ് മൊ യാന്‍ 2005ല്‍ ഹോങ്കോങ് സാര്‍വ്വകലാശാലയില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് നേടിയ സമയത്ത് അദ്ദേഹം പറഞ്ഞത്.

2011ല്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള എഴുത്തുകാരുടെ സംഘടനയുടെ വൈസ് ചെയര്‍മാനായിരുന്നു മൊ യാന്‍. 2012ല്‍ നൊബേല്‍ സമ്മാനം നേടിയ സമയത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കള്‍ തന്നെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ആഗോള സമൂഹത്തില്‍ ചൈനയില്‍ നിന്നുള്ള ഏറ്റവും മികച്ച പ്രതിനിധിയാണ് മൊ യാന്‍ എന്നഭിപ്രായപ്പെടുന്ന സാഹചര്യം പോലുമുണ്ടായി. നിയമ നടപടികള്‍ അവസാനിക്കുമ്പോള്‍ ദേശീയവാദികള്‍ തന്നെ വിജയിക്കാനാണ് സാധ്യത.

നിയമനടപടി അവസാനിപ്പിക്കാന്‍ മൊ യാനോട് ദേശീയവാദികള്‍ക്ക് രണ്ട് നിബന്ധനകളാണുള്ളത്. ചൈനയിലെ മുഴുവന്‍ ജനങ്ങളോടും മാപ്പുപറയുക. അതിനൊപ്പം 1.5 ബില്യണ്‍ യുവാന്‍ (209 മില്യണ്‍ ഡോളര്‍) നഷ്ടപരിഹാരമായി നല്‍കുക. ഓരോ ചൈനീസ് പൗരനും ഒരു യുവാന്‍ വച്ച് കണക്കുകൂട്ടിയിട്ടാണ് 1.5 ബില്യണ്‍ യുവാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പറഞ്ഞിരിക്കുന്നത്.

മൊ യാന്റെ പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവും ഇവര്‍ സര്‍ക്കാരിന് മുന്നിലേക്ക് വയ്ക്കുന്നു.മൊ യാന്റെ പുസ്തകങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അവഹേളിക്കുകയും ചൈനയുടെ ശത്രുക്കളായ ജപ്പാന്‍ സൈനികരെ പുകഴ്ത്തുകയും ചെയ്യുന്നതാണെന്നാണ് വു വന്‍ഴെങ്ങിന്റെ ആരോപണം. ചൈന വിപ്ലവ നേതാവായി കരുതുന്ന മാവോ സെ തുങ്ങിനെ വിമര്‍ശിച്ചു എന്നതും മൊ യാനെതിരായുള്ള കുറ്റകൃത്യമായി ദേശീയവാദികള്‍ ഉയര്‍ത്തിക്കാണിക്കുന്നു.

 

Latest News