Monday, November 25, 2024

നിയമസഭാ സമ്മേളനം ആരംഭിച്ചു; നിർണായകമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാം

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്നതടക്കം വിവിധ ബില്ലുകൾ സഭയ്ക്ക് മുൻപാകെ വരും. ഈ വരുന്ന 15 വരെയാണ് നിയമസഭ സമ്മേളിക്കുക. വിവാദ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കും.

പിൻവാതിൽ നിയമനത്തിനെതിരെ പി സി വിഷ്ണുനാഥ് കൊണ്ടുവന്ന അടിയന്തര പ്രമേയമാണ് സഭ ആദ്യം പരിഗണിച്ചത്. സർക്കാർ പി എസ് സിയെ നോക്കുകുത്തിയാക്കുയാണെന്ന് അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷം വിമർശിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളുകയും മുഴുവൻ നിയമനങ്ങളും ഓഡിറ്റിംഗിന് വിധേയമാക്കുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. മുൻ സ്പീക്കർക്കൂടിയായ എം ബി രാജേഷിനെ തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയായി നിയമിച്ചതോടെ എം എൻ ഷംസീറിൻറെ നിയന്ത്രണത്തിലാണ് സമ്മേളനം പുരോഗമിക്കുന്നത്.

അതേസമയം നിയമസഭ സ്പീക്കർ പാനലിലേയ്ക്ക് വനിതകളെ നിയുക്ത സ്പീ്കർ നിർദേശിച്ചു. ഭരണപക്ഷത്തുനിന്ന് സി.കെ ആശ, യു പ്രതിഭ, പ്രതിപക്ഷത്തുനിന്ന് കെ കെ രമ എന്നിവരെയാണ് നിർദേശിച്ചിരിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവനും വനിതകൾ ഇടംപിടിക്കുന്നത്. സ്പീക്കർ ഇല്ലാത്ത വേളകളിൽ സഭ നിയന്ത്രിക്കുക എന്നതാണ് പാനലിൻറെ ഉത്തരവാദിത്തം.

വരും ദിവസങ്ങളിൽ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് കാണിച്ച് പ്രതിപക്ഷം നിയമസഭ പ്രക്ഷുബ്ദമാക്കും. ഗവർണറുമായുള്ള പോരും സഭയിൽ ചർച്ചയാകുമെന്നാണ് വിവരം. എന്നാൽ ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പ്രതിപക്ഷം എതിർത്തേക്കും.

Latest News