മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ തട്ടിപ്പില്‍ ഭരണ- പ്രതിപക്ഷ പോര് രൂക്ഷമാകുന്നതിനിടെ നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കിയ സിഎംഡിആർഎഫ് തട്ടിപ്പ്, ലൈഫ് മിഷൻ കോഴ അടക്കമുള്ള വിവാദ വിഷയങ്ങൾ സഭയില്‍ പ്രതിപക്ഷം ചര്‍ച്ചയാക്കും. ഫെബ്രുവരി 9 -നാണ് സഭ താൽക്കാലികമായി പിരിഞ്ഞത്.
ഇന്ധന സെസിന് എതിരായ പ്രതിപക്ഷ പ്രതിഷേധം കത്തിനിൽക്കുന്നതിനിടെയാണ് താൽക്കാലികമായി നിയമസഭാ സമ്മേളനം പിരിഞ്ഞത്. എന്നാല്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ലൈഫ് മിഷൻ കോഴ ഉള്‍പ്പടെയുള്ള വിവാദ വിഷയങ്ങളുമായാണ് സഭ പുനരാരംഭിച്ചിരിക്കുന്നത്. ഇതു കൂടാതെ ഇന്ധന സെസ് വിഷയവും സമരം ചെയ്‌തവർക്കെതിരായ പോലീസ് നടപടിയും ഉന്നയിച്ച്, പ്രതിപക്ഷം സഭ പ്രക്ഷുബ്ദമാക്കാനും സാധ്യതയുണ്ട്. ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്ന് ലിസ്റ്റ് ചെയ്‌തിരുന്ന കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റിവച്ചു.
അതേസമയം ഒരുലക്ഷം പുത്തന്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്ന വാദം പൊളിഞ്ഞതും സര്‍ക്കാരിന് തലവേദനയാണ്. ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകളും, മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും പ്രതിപക്ഷം സഭയില്‍ ആയുധമാക്കും. 21 ദിവസമാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്.