Sunday, April 6, 2025

വിദ്വേഷത്തിന്റെ മതിലുകള്‍ തകരട്ടെ

ലോകത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ച , വിപ്ലവങ്ങള്‍ സൃഷ്ടിച്ച , ചരിത്രം മാറ്റിയെഴുതിയ പലരും പ്രസംഗ കലയില്‍ ആഗ്രഗണ്യരായിരുന്നു. ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഒരു സമൂഹത്തിന്റെ ചിന്തകളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും വാക്കുകളുടെ കൃത്യമായ ഉപയോഗത്തിലൂടെ സാധിക്കുമെന്നു തെളിയിച്ച അനേകം മഹാരഥന്‍മാരെ ചരിത്രത്തിന്റെ ഏടുകളില്‍ നമുക്ക് കണ്ടുമുട്ടാന്‍ കഴിയും. അവരുടെ വാക്കുകള്‍ സഞ്ചരിച്ചത് ചുണ്ടില്‍ നിന്നും ചെവികളിലെക്കല്ല മറിച്ചു കേള്‍വിക്കാരുടെ ഹൃദയങ്ങളിലേക്കാണ്.

സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ‘ചിക്കാഗോ പ്രസംഗ’വും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ‘എനിക്കൊരു സ്വപ്നമുണ്ട്…’ എന്നാരംഭിച്ച പ്രസംഗവുമെല്ലാം പതിറ്റാണ്ടുകള്‍ക്കിപ്പുറവും ജന മനസ്സുകളില്‍ ജീവിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. എന്നാല്‍ ജനസാമാന്യത്തെ സോദ്ദേശ പരമായ ലക്ഷ്യങ്ങളിലേക്ക് നയിക്കുക മാത്രമല്ല ചരിത്രത്തില്‍ പ്രാസംഗികര്‍ ചെയ്തിട്ടുള്ളത്. അഡോള്‍ഫ് ഹിറ്റ്‌ലറും ഡൊണാള്‍ഡ് ട്രംപും വരെ അറിയപ്പെടുന്ന പ്രഭാഷരായിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍ നമുക്കത് മനസ്സിലാക്കാം.

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും ഒരു ദിനം

വിവിധ സമൂഹങ്ങളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ സൃഷ്ടിച്ച അശാന്തിയും അരക്ഷിതാവസ്ഥയും ലോകമെമ്പാടും ഗുരുതരമായ ആശങ്കയായി മാറിയിരിക്കുന്നു.
ലോകമെമ്പാടും വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, അക്രമത്തിന് പ്രേരണ നല്‍കാനും സാമൂഹിക ഐക്യത്തിനും സഹിഷ്ണുതയ്ക്കും തുരങ്കം വയ്ക്കാനും ബാധിക്കപ്പെട്ടവര്‍ക്ക് മാനസികവും വൈകാരികവും ശാരീരികവുമായ ദോഷം വരുത്താനും കഴിയുന്ന പ്രസംഗങ്ങള്‍ നിയന്ത്രിക്കേണ്ടതു നമ്മുടെ സാമൂഹ്യരോഗ്യത്തിന് അനിവാര്യമാണ് എന്ന തിരിച്ചറിവില്‍നിന്നാണ് ജൂണ്‍ 18 വിദ്വേഷ പ്രസംഗത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിന മായി ആചരിക്കുവാന്‍ യു.എന്‍ ജനറല്‍ അസംബ്ലി തീരുമാനിച്ചത്.

യുഎന്‍ പറയുന്നതനുസരിച്ച്, മതം, ദേശീയത, വംശം, നിറം, , ലിംഗം അല്ലെങ്കില്‍ മറ്റേതെങ്കിലും ഐഡന്റിറ്റി ഫാക്ടര്‍ എന്നിവയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയെയോ ഗ്രൂപ്പിനെയോ ആക്രമിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള സംഭാഷണമോ എഴുത്തോ ആണ് വിദ്വേഷ പ്രസംഗം. അസ്ഥിരമായ ലോകത്ത് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ആയുധമാകരുത് നമ്മുടെ വാക്കെന്നു ഈ ദിനാചരണം ഓര്‍മ്മപ്പെടുത്തുന്നു.

വിദ്വേഷ പ്രസംഗകര്‍ അരങ്ങു വാഴുമ്പോള്‍..

വിദ്വേഷ പ്രസംഗം ലക്ഷ്യമിടുന്നത് നിര്‍ദ്ദിഷ്ട വ്യക്തികളെയും ഗ്രൂപ്പുകളെയും മാത്രമല്ല, സമൂഹത്തിന്റെ ആകെ നിലനില്‍പ്പിനെ തന്നെയാണെന്ന് സമകാലിക സംഭവങ്ങള്‍ അടിവരയിടുന്നു. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും മത,സാമുദായിക സാംസ്‌കാരിക നായകന്മാരും എല്ലാം ഈ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്. വിദ്വേഷം അപകടകരമാണ് – അതിനാല്‍തന്നെ അതിനെതിരായ പോരാട്ടം നമ്മുടെ കടമയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാണിക്കുന്നു. വിദ്വേഷത്തിന്റെ വിനാശകരമായ ഫലം ദുഃഖകരമെന്നു പറയേണ്ടതില്ലല്ലോ.

എന്നിരുന്നാലും, അതിന്റെ അളവും സ്വാധീനവും ആശയവിനിമയത്തിന്റെ ഈ പുത്തന്‍ നവ മാധ്യമ കാലത്തു വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിദ്വേഷ സംഭാഷണങ്ങള്‍ അനിയന്ത്രിതമായ ഈ പോക്ക് തുടര്‍ന്നാല്‍ സമാധാനത്തിനും വികസനത്തിനും ജനങ്ങളുടെ സൗഹാര്‍ദ്ദപരമായ സുസ്ഥിതിക്കും ഹാനികരമാകും എന്ന് മാത്രമല്ല അത് സംഘര്‍ഷങ്ങള്‍ക്കും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കളമൊരുക്കുകയും ചെയ്യും.

വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ, സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്തുന്നതോ, ഭരണ കാര്യങ്ങള്‍ തടസ്സപ്പെടുത്തുന്നതോ, ക്രമസമാധാനത്തിന് ഭീഷണിയാകുന്നതോ, മനപ്പൂര്‍വമായ വിദ്വേഷത്തിന്റെയും പ്രകോപനത്തിന്റെയും പാതയിലേക്ക് നയിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വമേധയാ മാറിനില്‍ക്കുക എന്നുള്ളതാണ് ഒരു വ്യക്തിക്ക് ചെയ്യാവുന്ന പ്രഥമമായ കാര്യം. അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ നിതാന്ത ജാഗ്രതയോടെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്.

ഡോ. സെമിച്ചന്‍ ജോസഫ്

(തൃക്കാക്കര ഭാരത മാതാ കോളേജില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗം അസി. പ്രൊഫസര്‍ ആണ് ലേഖകന്‍ )

 

Latest News