Sunday, November 24, 2024

തീവ്രവവാദത്തെ ചെറുക്കാം മാനവീകതയുടെ സന്ദേശ വാഹകരാകാം

ഡോ സെമിച്ചൻ ജോസഫ്

“തീവ്രവാദം മാനവരാശിക്കെതിരെയുള്ള യുദ്ധമാണെന്നു ഞാൻ പറയുമ്പോൾ, തീവ്രവാദികൾ പലപ്പോഴും ആത്യന്തിക ലക്ഷ്യങ്ങൾ പിന്തുടരുന്ന ആദർശവാദികളാണെന്ന എന്ന വാദം ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട് എന്നാൽ അത് ഞാൻ അംഗീകരിക്കുന്നില്ല. ഒരു തീവ്രവാദിക്ക് എപ്പോഴെങ്കിലും ഒരു ആദർശവാദിയാകാൻ കഴിയുമെന്നോ അവരുടെ ഏതെങ്കിലും പ്രവർത്തികൾ മൂലം തീവ്രവാദത്തെ ന്യായീകരിക്കാൻ കഴിയുമെന്നോ ഞാൻ കരുതുന്നില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകൾ സമകാലിക ലോകയാഥാർഥ്യങ്ങളിലേക്കു വിരൽ ചൂണ്ടുന്നു. എന്ത്‌ ന്യായീകരണങ്ങൾ നിരത്തിയാലും ഭീകരവാദം മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നു കയറ്റം തന്നെയാണ്.”

ഞെട്ടിക്കുന്ന ചില കണക്കുകൾ

ഭൂരിഭാഗം തീവ്രവാദ പ്രവർത്തനങ്ങളും ലോകത്തിന്റെ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രതിവർഷം ശരാശരി 21,000 പേരാണ് ഭീകരരാൽ കൊല്ലപ്പെട്ടത്. 2017 ലെ കണക്കു പ്രകാരം ലോകമെമ്പാടുമുള്ള മൊത്തം മരണങ്ങളിൽ 0.05 ശതമാനത്തിനും കാരണം തീവ്രവാദമാണ്. വിവേകശൂന്യമായ ഈ പ്രവർത്തനങ്ങൾ അപഹരിച്ചത് നിരപരാധികളും നിഷ്കളങ്കരുമായ ജീവനുകളെ ആണെന്ന വസ്തുത കൂടി പരിഗണിക്കുമ്പോഴാണ് തീവ്രവാദത്തിന്റെ ഭീകരത വെളിവാകുക.

തീവ്രവാദത്തിന്റെ ഇരകളാക്കപ്പെടുന്നവരെ അനുസ്മരിക്കുന്നതിനു വേണ്ടിയുള്ള ആഗോള ദിനമായി ആഗസ്റ് 21 ഐക്യ രാഷ്ട്രസംഘടന ആചരിക്കുന്നു. തീവ്രവാദം രാജ്യങ്ങളിലും സമൂഹങ്ങളിലും സൃഷ്ടിക്കുന്ന ആഘാതത്തിന്റെ ആഴം ചർച്ചചെയ്യുവാനും ജീവൻ നഷ്ടപ്പെട്ടവരെ ഓർമിക്കാനും ഇരകളാക്കപ്പെട്ടവരുടെ അനുഭവങ്ങളിലൂടെ തീവ്രവാദത്തിനെതിരെയുള്ള ജനകീയമായ ഒരു പ്രതിരോധം സൃഷിക്കുവാനും ലോകരാജ്യങ്ങൾക്ക് കഴിയണം. ഇരകൾക്കപ്പെടുന്നവർ അനുഭവിക്കുന്ന മാനസികവും വൈകാരികവും സാമ്പത്തികവുമായ പ്രതിസന്ധികൾ വലുതാണ് അവ പരിഹരിക്കാൻ അന്തരാഷ്ര സമൂഹത്തിനു കടമയുണ്ടെന്നു യു എൻ ലോക രാജ്യങ്ങളെ ഓർമപ്പെടുത്തുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ് തീവ്രവാദം അതിനാൽ തന്നെ മൗലിക സ്വാതന്ത്ര്യങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഇത്തരം ഒരു ദിനാചരണം ആഗോള വ്യാപകമായി സംഘടിപ്പിക്കുന്നതു.

നമുക്ക് ചിലതു ചെയ്യാൻ കഴിയും

തീവ്രവാദം പോലുള്ള വസ്തുതകൾ ഒരു പക്ഷെ വ്യക്തിപരമായ നമ്മുടെ ചുറ്റുപാടുകളിൽ ഏറെ പ്രാധാന്യമില്ലാത്തതായി നമുക്ക് തോന്നിയേക്കാം എന്നാൽ നമ്മുടെ പൊതു ഇടപെടലുകളിൽ മിതത്വം പാലിക്കാനും അന്യന്റെ നിലപാടുകളെ , അഭിപ്രായങ്ങളെ മാനിക്കാനും നമുക്ക് കഴിയണം. സാമൂഹ്യമായാ സുസ്ഥിതിക്ക്‌ കോട്ടം തട്ടുന്ന ഒരു പ്രവർത്തിയും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് ഓരോരുത്തരും തീരുമാനിക്കണം. അത്തരം എന്തെങ്കിലും നീക്കങ്ങളെക്കുറിച്ചോ പ്രവർത്തികളെ ക്കുറിച്ചോ അറിവ് ലഭിക്കുന്ന പക്ഷം അത് ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാനുള്ള ബാധ്യതയും ഓരോ പൗരനും ഉണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനാചരണം മുന്നോട്ടു വെക്കുന്നതു. മത സമുദായ രാഷ്ര നേതൃത്വങ്ങൾ ആത്മപരിശോധന നടത്തുകയും തീവ്ര നിലപാടുകളിൽ നിന്നും സ്വയം പിന്മാറുകയും അണികളെ അതിനു പ്രചോദിപ്പിക്കയും വേണം എന്നാൽ മാത്രമേ സമാധാന പൂർവ്വകമായ ഒരു ഭൂമിയെ വരും തലമുറയ്ക്കായി സമ്മാനിക്കാൻ നമുക്കാവൂ.

(സാമൂഹ്യ പ്രവർത്തകനും സ്മാർട്ട് ഇന്ത്യ ഫൌണ്ടേഷൻ എന്ന സന്നദ്ധ സന്നദ്ധ സംഘടനയുടെ സഹ സഥാപകനുമാണ് ലേഖകൻ )

Latest News