Friday, April 4, 2025

മഹാനായ അലക്‌സാണ്ടര്‍

മഹാനായ അലക്‌സാണ്ടര്‍ (ബിസി 356 – ബിസി 323) ഒരു മാസിഡോണിയന്‍ ഭരണാധികാരിയും സൈനികനുമായിരുന്നു. രാജാവായും ജേതാവായും അദ്ദേഹം കൈവരിച്ച വിജയങ്ങള്‍ പേരുകേട്ടതാണ്. ബിസി 356 ജൂലൈ 20 നാണ് അന്നത്തെ മാസിഡോണിയയുടെ തലസ്ഥാനമായ പെല നഗരത്തില്‍ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് ജനിച്ചത്. മാസിഡോണിയയുടെ രാജാവായ ഫിലിപ്പ് രണ്ടാമനാണ് അച്ഛന്‍. ഫിലിപ്പ് രണ്ടാമന്റെ നാലാമത്തെ ഭാര്യയായ ഒളിമ്പിയസാണ് അമ്മ. കുട്ടിക്കാലം മുതല്‍ക്കേ ഗ്രീക്ക് പോരാളി അക്കില്ലസ് ആയിരുന്നു അലക്സാണ്ടറുടെ മാതൃക. അതുകൊണ്ടു തന്നെ എവിടെപ്പോകുമ്പോഴും ഇലിയഡ് അദ്ദേഹം ഒപ്പം കരുതിയിരുന്നു. ബി.സി.343-ല്‍ അലക്‌സാണ്ടര്‍ അരിസ്റ്റോട്ടിലിന്റെ ശിക്ഷണത്തിന്‍ കീഴിലായി.

അലക്‌സാണ്ടറുടെ കഴിവ് പിതാവ് തിരിച്ചറിഞ്ഞ സംഭവം

ഒരു വ്യാപാരിയില്‍ നിന്ന് ഫിലിപ്പ് രാജാവ് ഒരു കാട്ടുകുതിരയെ വാങ്ങി. പക്ഷേ അതിനെ മെരുക്കാന്‍ ആര്‍ക്കുമായില്ല. അപ്പോഴാണ് പത്തു വയസുകാരനായ അലക്‌സാണ്ടര്‍ താനൊന്നു ശ്രമിക്കട്ടെ എന്നു പറഞ്ഞത്. അവന്‍ നേരെ ചെന്ന് കുതിരയെ തിരിച്ചുനിര്‍ത്തി സുഖമായി പുറത്തുകയറി മൈതാനം മുഴുവന്‍ ഓടിച്ചു. സ്വന്തം നിഴല്‍ മുന്നില്‍ കണ്ടതുകൊണ്ടാണ് കുതിര മെരുങ്ങാതിരുന്നതെന്നും തിരിച്ചു നിര്‍ത്തിയപ്പോള്‍ നിഴല്‍ പിന്നിലായതോടെ മെരുങ്ങിയെന്നുമാണ് പറയപ്പെടുന്നത്. ആ കുതിരയാണ് ബ്യൂസിഫാലസ്. ബ്യൂസിഫാലസ് മരിച്ചതിനു ശേഷം അലക്‌സാണ്ടര്‍ ബ്യുസിഫാലസിന്റെ സ്മരണയ്ക്കായി ഒരു നഗരത്തിന് ‘ബ്യൂസിഫാല’ എന്ന് പേരിട്ടു.

ഇരുപതാം വയസ്സില്‍ രാജസ്ഥാനം

ബി.സി.336-ല്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ഇരുപതാമത്തെ വയസ്സില്‍ മാസിഡോണിയായിലെ രാജാവായി സ്ഥാനമേറ്റ അലക്സാണ്ടറിന്റെ ജീവിതാഭിലാഷം വിശ്വസാമ്രാജ്യം തന്നെ ആയിരുന്നു. ബി.സി. 334-ല്‍ അലക്സാണ്ടറുടെ ജൈത്രയാത്ര ആരംഭിച്ചു. ഏഷ്യാമൈനര്‍ കീഴടക്കിയ അലക്സാണ്ടര്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ഡാരിയസിനെ യുദ്ധത്തില്‍ തോല്‍പിച്ചു. ബി.സി. 332-ല്‍ ഈജിപ്ത് കീഴടക്കിയ അലക്‌സാണ്ടര്‍ നൈല്‍ നദിക്കരയില്‍ അലക്‌സാണ്ട്രിയ നഗരം പണിതു. ബി.സി. 331-ല്‍ ഡാരിയസിനെ രണ്ടാമതും തോല്‍പിച്ച് അലക്‌സാണ്ടര്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായി. ബി.സി. 326-ല്‍ അലക്‌സാണ്ടറുടെ സൈന്യം സിന്ധുനദിതീരത്തെത്തി. തക്ഷശിലയിലെ അംബിരാജാവ് അലക്‌സാണ്ടറുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. എന്നാല്‍ പഞ്ചാബിലെ പോറസ് രാജാവ് അലക്‌സാണ്ടറുടെ അധീശത്വം അംഗീകരിക്കാന്‍ വിസമ്മതിച്ചു. അലക്‌സാണ്ടറും പോറസുമായി ഹൈഡാസ്പസ് യുദ്ധത്തില്‍ ഏറ്റുമുട്ടി. പോറസ് യുദ്ധത്തില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അസാമാന്യമായ ധൈര്യം മാനിച്ച് അലക്‌സാണ്ടര്‍ രാജ്യം പോറസിന് തിരിച്ചു നല്‍കി.

അലക്‌സാണ്ടറുമായി ബന്ധപ്പെട്ട സംഭവകഥകള്‍

ഒരിക്കല്‍ തന്റെ സൈന്യവുമായി കൊടും ചൂടില്‍ മരുഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്നു അലക്സാണ്ടര്‍. യാത്ര ആഴ്ചകള്‍ പിന്നിട്ടു. അപ്പോഴേക്കും കയ്യില്‍ കരുതിയിരുന്ന വെള്ളം തീര്‍ന്നു. ചക്രവര്‍ത്തിയും സംഘവും ദാഹിച്ചു മരിക്കുമെന്ന സ്ഥിതിയിലെത്തി. എന്നിട്ടും യാത്ര തുടരാന്‍ തന്നെയായിരുന്നു അലക്‌സാണ്ടറിന്റെ തീരുമാനം. ഒരു ദിവസം ഉച്ചയായപ്പോള്‍ തന്റെ സൈനികരില്‍ രണ്ടുപേര്‍ എവിടെ നിന്നോ കുറച്ചു വെള്ളവുമായി ചക്രവര്‍ത്തിയുടെ അരികിലെത്തി. ഒരു കപ്പ് പോലും തികച്ചില്ല. അലക്‌സാണ്ടര്‍ വെള്ളം വാങ്ങി. ഏവരും നോക്കി നില്‍ക്കെ അദ്ദേഹം അത് ചുട്ട് പൊള്ളുന്ന മണലിലേക്ക് ഒഴിച്ചു. ദാഹിച്ചു തൊണ്ട വരണ്ട് നിന്നിരുന്ന സേനാംഗങ്ങള്‍ ഈ കാഴ്ച കണ്ട് അമ്പരന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പറഞ്ഞു.’കൂടെയുള്ളവര്‍ ദാഹിച്ചിരിക്കുമ്പോള്‍ ഒരാള്‍ മാത്രം ഈ വെള്ളം കുടിച്ച് ദാഹമകറ്റുന്നതില്‍ അര്‍ത്ഥമില്ല എന്ന്. യഥാര്‍ത്ഥ നേതാവ് കൂടെയുള്ളവരെ, വിശ്വസിക്കുന്നവരെ, ചതിക്കില്ല എന്ന് ഈ പ്രവൃത്തിയില്‍ നിന്നും അദ്ദേഹം കാണിച്ചു കൊടുത്തു.

മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി സ്വന്തം സൈനികരുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ വേഷപ്രച്ഛന്നനായി പടയാളികളെ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ പരിശോധനയ്ക്കിടയില്‍, ഉറങ്ങുന്ന ഒരു പടയാളിയെ അലക്‌സാണ്ടര്‍ കണ്ടു. തട്ടിയുണര്‍ത്തിയിട്ട് ചക്രവര്‍ത്തി പേരെന്താണെന്ന് ചോദിച്ചു. ഉത്തരം അലക്‌സാണ്ടര്‍ എന്നായിരുന്നു. ഇത് കേട്ട് ”ഒന്നുകില്‍ നീ നിന്റെ പേര് മാറ്റണം ഇല്ലെങ്കില്‍ സ്വഭാവം മാറ്റണം”എന്നാണ് ചക്രവര്‍ത്തി പറഞ്ഞത്.

ഗോര്‍ഡിയന്‍ കെട്ട്

അലക്സാണ്ടര്‍ ചക്രവര്‍ത്തി പടയോട്ടത്തിനിടയില്‍ ഗോര്‍ഡിയന്‍ നഗരത്തില്‍ പ്രവേശിച്ചു. അവിടെ വെച്ച് ഗോര്‍ഡിയന്‍ നഗരത്തിലെ ക്ഷേത്രത്തിനെ പറ്റി കേള്‍ക്കുകയും അവിടെയുള്ള കയറു കൊണ്ടുള്ള ഒരു കെട്ടിനെപ്പറ്റി അറിയാനും ഇടയായി. ആ കെട്ട് അഴിക്കാന്‍ സാധിക്കുന്ന വ്യക്തി ഏഷ്യയുടെ ചക്രവര്‍ത്തിയായി തീരുമെന്നാണ് അന്നാട്ടിലെ വിശ്വാസം. ഗോര്‍ഡിയന്‍ കെട്ട് ഒന്ന് കാണാനും അഴിക്കാന്‍ ശ്രമിക്കാനും അലക്‌സാണ്ടര്‍ ക്ഷേത്രത്തില്‍ എത്തി. വളരെ കിണഞ്ഞു പരിശ്രമിച്ചിട്ടും ആ കെട്ട് അഴിക്കാര്‍ അലക്‌സാണ്ടറിന് സാധിച്ചില്ല. ദേഷ്യം വന്ന അലക്‌സാണ്ടര്‍ തന്റെ വാളെടുത്ത് ആ കെട്ട് മുറിച്ചു കളഞ്ഞു. ഏത് വിധേനയും തന്റെ ലക്ഷ്യം കാണുന്ന അലക്‌സാണ്ടറിന്റെ മനസ്സിനെയാണ് ഈ സംഭവത്തിലൂടെ ചരിത്രകാരന്മാര്‍ നോക്കിക്കാണുന്നത്.

അലക്‌സാണ്ട്രിയ

കാബൂളിന് വടക്ക് കോക്കാസസ് മലനിരകള്‍ക്കിടയില്‍ അലക്‌സാണ്ടര്‍ സ്ഥാപിച്ച നഗരം കോക്കാസസിലെ അലക്‌സാണ്ട്രിയ എന്നാണ് അറിയപ്പെട്ടിരുന്നത്. ഉത്തര-മദ്ധ്യ ഈജിപ്തില്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തിന്റെ 32 കിലോമീറ്ററിലായി ഈ നഗരം വ്യാപിച്ച് കിടക്കുന്നു. പ്രകൃതി വാതക നിക്ഷേപവും സൂയസില്‍ നിന്നുള്ള എണ്ണ പൈപ്പുകളും അലക്‌സാണ്ട്രിയയെ ഒരു പ്രധാന വ്യവസായ കേന്ദ്രമാക്കുന്നു. മെഡിറ്ററേനിയന്‍ കടലിനും ചെങ്കടലിനും ഇടയിലായുള്ള സ്ഥാനം മൂലം മുന്‍ കാലങ്ങളില്‍ യൂറോപ്പും ഏഷ്യയും തമ്മിലുള്ള വ്യാപാരങ്ങളുടെ ഒരു കേന്ദ്രമായും അലക്‌സാണ്ട്രിയ പ്രവര്‍ത്തിച്ചിരുന്നു.

മരണ സമയത്ത് അലക്‌സാണ്ടര്‍ ആവശ്യപ്പെട്ട മൂന്നു കാര്യങ്ങള്‍

ഗുരുതരമായ രോഗത്തിനടിമപ്പെട്ട് ബി.സി. 323, ജൂണ്‍ 10-ന് തന്റെ 32-ാം വയസ്സില്‍ അലക്‌സാണ്ടര്‍ അന്തരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊട്ടാരത്തില്‍ ഏറ്റവും മികച്ച ഭിഷഗ്വരന്‍മാരുടെ പരിചരണത്തിലായിരുന്നിട്ടും അദ്ദേഹത്തിന് മരണത്തിന് കീഴടങ്ങേണ്ടി വന്നു. തന്റെ അവസാന നിമിഷങ്ങളില്‍ അംഗരക്ഷകരെ വിളിച്ച് മൂന്നു കാര്യങ്ങള്‍ അലക്‌സാണ്ടര്‍ ആവശ്യപ്പെട്ടു.

1. എന്റെ നിലവറയിലെ രത്‌നങ്ങള്‍ എന്റെ ശവമഞ്ചം കൊണ്ടുപോകുന്ന വഴിയില്‍ വിതറണം. അതിലൂടെ നിങ്ങളെല്ലാം ചവിട്ടിനടക്കണം. (മരണത്തിനു മുന്നില്‍ എല്ലാ സമ്പാദ്യങ്ങളും പൂജ്യമാകുന്നു എന്ന് മനസിലാക്കാന്‍)
2. എന്നെ ചികിത്സിച്ച ഉന്നതരായ ഭിഷഗ്വരന്‍മാര്‍ എന്റെ ശവമഞ്ചം ചുമക്കണം. (ഏതു ചികിത്സാസൗകര്യങ്ങളും മരണത്തിനു മുന്നില്‍ തോറ്റുപോകുന്നു എന്ന് വ്യക്തമാക്കാന്‍)
3. എന്റെ ഒഴിഞ്ഞ രണ്ടു കൈകളും ശവപ്പെട്ടിയുടെ പുറത്തേക്കു തൂക്കിയിടണം. (എന്തൊക്കെ നേടിയാലും ഒഴിഞ്ഞ കൈകളോടെ നമ്മള്‍ ഈ ഭൂമിയില്‍ നിന്നു മടങ്ങുന്നു എന്നു സൂചിപ്പിക്കാന്‍).

 

Latest News