1732ല്‍ അമേരിക്കയിലെ വെര്‍ജീനിയ സംസ്ഥാനത്തെ വെസ്റ്റ് മോര്‍ ലാന്‍ഡ് കൗണ്ടിയില്‍ ബ്രിജസ് ക്രീക്കില്‍ ആണ് ജോര്‍ജ് വാഷിംഗ്ടണ്‍ ജനിച്ചത്. ഇംഗ്ലണ്ടിലെ ഡേറമിനടുത്തുള്ള വാഷിംഗ്ടണ്‍ എന്ന സ്ഥലത്ത് നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍. പിതാവ് അഗസ്റ്റിന്‍ വാഷിംഗ്ടണും അമ്മ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന മേരി ബാളുമായിരുന്നു. ജോര്‍ജിന് ചെറുപ്പത്തില്‍ സാമാന്യ വിദ്യാഭ്യാസം മാത്രമേ സിദ്ധിച്ചുള്ളൂ. തോട്ടക്കാരനായി തുടങ്ങിയ അദ്ദേഹം ഭൂമിയളക്കുന്ന ജോലിയാണ് പിന്നീട് ചെയ്തിരുന്നത്. പിന്നീട് സൈന്യത്തില്‍ ചേര്‍ന്ന് ലെഫ്റ്റനന്റ് കേണല്‍ പദവി വരെയെത്തി. അമേരിക്കയുടെ സ്വാതന്ത്രസമരത്തില്‍ സുപ്രധാന പങ്കു വഹിച്ചുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്.
അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ്
1789 ഏപ്രില്‍ 30 ാം തിയതി ജോര്‍ജ് വാഷിംഗ്ടണ്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കയില്‍ ഒരു പുതുയുഗം ആരംഭിക്കുകയായിരുന്നു. നാലുവര്‍ഷത്തിനുശേഷം വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1797 വരെ തല്‍സ്ഥാനത്ത് തുടരുകയുണ്ടായി. അമേരിക്കന്‍ റിപ്പബ്ലികിന്റെ സാരഥ്യം വാഷിംഗ്ടണ്‍ ഏറ്റെടുക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളുടെ വിസ്തൃതി എട്ടുലക്ഷം ചതുരശ്ര മൈല്‍ മാത്രമായിരുന്നു. പില്‍ക്കാലത്താണ് 50 സ്റ്റേറ്റുകള്‍ ചേര്‍ന്ന വന്‍ രാഷ്ട്രമായി അമേരിക്ക മാറിയത്. അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രപിതാവുകൂടിയാണ് അദ്ദേഹം. ഫെബ്രുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ച വാഷിംഗ്ടണ്‍ ദിനമായി ആചരിക്കുന്നു
മരക്കഷണം കയറ്റാന്‍ സഹായിച്ച അമേരിക്കന്‍ പ്രസിഡന്റ്
വാഷിംഗ്ടണ്‍ തെരുവില്‍ ഏതാനും തൊഴിലാളികള്‍ ഒരു വലിയ മരക്കഷണം ഉന്തുവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. പല പ്രാവശ്യം പരിശ്രമിച്ചിട്ടും അവര്‍ക്കതിന് സാധിച്ചില്ല. അവരുടെ മേലാളായ കോര്‍പറല്‍ ഇതെല്ലാം നിരീക്ഷിച്ചുകൊണ്ട് ഇനിയും കഴിഞ്ഞില്ലേ എന്ന് ആക്രോശിക്കുന്നുമുണ്ടായിരുന്നു. അതുവഴി കുതിരപ്പുറത്ത് വന്ന ഒരാള്‍ ഇതുകേട്ടു. തടി കയറ്റാന്‍ പാടുപെടുന്നവരെക്കണ്ട് ആ മനുഷ്യന്‍ കോര്‍പറിലിനോട് ചോദിച്ചു, ‘നിങ്ങള്‍ക്ക് അവരെ ഒന്നു സഹായിച്ചു കൂടേ? ഒരാളുടെ കൂടെ സഹായമുണ്ടായാല്‍ തടി കയറുമല്ലോ’ ..’ഞനൊരു കോര്‍പറലാണ്. ഇത്തരം പണികളൊന്നും ഞാന്‍ ചെയ്യേണ്ടതല്ല’ എന്നായിരുന്നു അയാളുടെ മറുപടി. ഇതുകേട്ട ആഗതന്‍ കുതിരപ്പുറത്തു നിന്ന് ഇറങ്ങി ജോലിക്കാരെ സഹായിച്ചു. മരക്കഷണം വണ്ടിയിലായപ്പോള്‍ അയാള്‍ കുതിരപ്പുറത്ത് കയറിപ്പോവുകയും ചെയ്തു.
അടുത്ത ദിവസം അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വാഷിംഗ്ടണിന് ഒരു പൗരസ്വീകരണം അവിടെ നടന്നു. ആ ചടങ്ങില്‍ മേല്‍പറഞ്ഞ കോര്‍പറലും പങ്കെടുത്തിരുന്നു. സ്വീകരണം ഏറ്റുവാങ്ങി വേദിയിലിരിക്കുന്ന വാഷിംഗ്ടണിനെ കണ്ടപ്പോള്‍ കോര്‍പറല്‍ ഞെട്ടി. തലേദിവസം കുരിതപ്പുറത്തു വന്നിറങ്ങി തൊഴിലാളികളെ സഹായിച്ച അതേ വ്യക്തി ആയിരുന്നു വേദിയിലിരുന്നത്.
‘വാഷിംഗ്ടണ്‍ യുഗം’
നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും കഴിവുമുള്ള വ്യക്തിയായിരുന്നു ജോര്‍ജ് വാഷിംഗ്ടണ്‍. നിര്‍ണ്ണായക ഘട്ടങ്ങളില്‍ വിവേകപൂര്‍വമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയത്തിനതീതമായും അദ്ദേഹം തീരുമാനങ്ങള്‍ കൈക്കൊണ്ടു. അമേരിക്കയെ ലോകശക്തിയായി രൂപാന്തരപ്പെടുത്തുന്നതില്‍ ജോര്‍ജ് വാഷിംഗ്ടണിന്റെ സേവനം സഹായകമായി. അമേരിക്കന്‍ ഭരണഘടനയെ പ്രവര്‍ത്തിപഥത്തിലെത്തിച്ചത് അദ്ദേഹമാണ്. ബാങ്ക് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്ഥാപിച്ചതും നാണയവ്യവസ്ഥ കൊണ്ടുവന്നതും ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ‘വാഷിംഗ്ടണ്‍ യുഗം’ എന്നാണ് അദ്ദേഹത്തിന്റെ ഭരണകാലം ചരിത്രത്തില്‍ വാഴ്ത്തപ്പെടുന്നത്.
ബൈബിളില്‍ തൊട്ടുള്ള സത്യപ്രതിജ്ഞയും 73 പേജുള്ള പ്രസംഗവും
ജോര്‍ജ് വാഷിംഗ്ടണ്‍ മുതല്‍ ജോ ബൈഡന്‍ വരെയുള്ള 46 പ്രസിഡന്റുമാരില്‍ നാല് പേര്‍ ഒഴികെയുള്ളവര്‍ അധികാരമേറ്റത് ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ്. ‘ബൈബിള്‍ കൂടാതെ ഒരു രാജ്യത്തെ ശരിയായി നയിക്കാന്‍ സാധ്യമല്ല’ എന്നു പ്രഖ്യാപിച്ചുകൊണ്ട് വാഷിംഗ്ടണ്‍ തുടങ്ങിവച്ച കാര്യമാണ് ഇന്നും അമേരിക്കന്‍ പ്രസിഡന്റുമാര്‍ തുടര്‍ന്നു പോരുന്നത്.
സെന്റ് ജോണ്‍സ് മാസോണിക് ലോഡ്ജില്‍നിന്ന് കടമെടുത്ത ബൈബിളാണ് 1789 ലെ തന്റെ സത്യപ്രതിജ്ഞയ്ക്ക് ജോര്‍ജ് വാഷിംഗ്ടണ്‍ ഉപയോഗിച്ചത്. ബൈബിള്‍ തുറന്ന് ഉല്‍പ്പത്തി പുസ്തകത്തിലെ 49-50 അധ്യായങ്ങള്‍ വരുന്ന ഭാഗത്ത് കരംവെച്ചായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. തുടര്‍ന്ന് അദ്ദേഹം ബൈബിള്‍ ചുംബിക്കുകയുംചെയ്തു. ജോര്‍ജ് വാഷിംഗ്ടണ്‍ പകര്‍ന്ന, ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പതിവ് തുടരുകയായിരുന്നു അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍.
തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയത്ത് 73 പേജുള്ള ഒരു പ്രസംഗവും ജോര്‍ജ് വാഷിംഗ്ടണ്‍ എഴുതി വായിച്ചിരുന്നു. പ്രഥമ പ്രസിഡന്റായി ജോര്‍ജ് വാഷിംഗ്ടണ്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഉപയോഗിച്ച ബൈബിളും പ്രസംഗവും നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിട്ടുണ്ട്. രാജ്യത്ത് പുതിയ പ്രസിഡന്റുമാര്‍ അധികാരത്തിലേക്ക് വരുമ്പോള്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് ഇത്തരം ചരിത്രപ്രാധാന്യമുള്ള രേഖകളുടെ പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. ജോര്‍ജ് വാഷിംഗ്ടണിന്റെ പ്രസംഗത്തിന്റെ ഒന്നാമത്തെ പേജും അവസാനത്തെ പേജും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സെനറ്റില്‍ വായിക്കുന്ന വാഷിംഗ്ടണ്‍ വാചകം
1796 ല്‍ വാഷിംഗടണ്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. വിടവാങ്ങല്‍ പ്രസംഗമദ്ധ്യേ ‘രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ വേണമെന്നും വിദേശരാജ്യങ്ങളുടെ പ്രശ്നങ്ങളില്‍ അധികം കൈകടത്തരുതെന്നും’ നിര്‍ദേശിച്ചു. വിരമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ ജന്മദിനമായ ഓരോ ഫെബ്രുവരിയിലും സെനറ്റില്‍ വായിക്കാറുണ്ട്.
മരണം
1799 ഡിസംബര്‍ പതിനാലാം തിയതി ജോര്‍ജ് വാഷിംഗ്ടണ്‍ മരണമടഞ്ഞു. തൊണ്ടയില്‍ നീര്‍ക്കെട്ടു വന്നത് മരണകാരണമായി കരുതപ്പെടുന്നു. തന്റെ മരണശേഷം ശവസംസ്‌കാരം വളരെ ഭംഗിയായി നടത്തണമെന്നും മൂന്നു ദിവസത്തില്‍ കൂടുതല്‍ ഭൗതിക ശരീരം ശവപ്പെട്ടിയ്ക്കുള്ളില്‍ വെക്കരുതെന്നും വാഷിംഗ്ടണ്‍ നേരത്തെ തന്നെ അടുപ്പക്കാരെ അറിയിച്ചിരുന്നു.
വാഷിംഗ്ടണ്‍ സ്മരണ
ന്യൂയോര്‍ക്ക് നഗരത്തിലെ ഫെഡറല്‍ ഹാളിലായിരുന്നു ജോര്‍ജ് വാഷിംഗ്ടണ്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 1789 മുതല്‍ 1799 വരെ ന്യൂയോര്‍ക്കായിരുന്നു അമേരിക്കന്‍ ഐക്യനാടുകളുടെ തലസ്ഥാനം. 1790 മുതല്‍ 1799 വരെ തലസ്ഥാന നഗരവും ഏറ്റവും വലിയ പട്ടണവും ഫിലാഡെല്‍ഫിയ ആയിരുന്നു. 1800 ല്‍ ജോര്‍ജ് വാഷിംഗ്ടണിന്റെ സ്മരണയ്ക്കായി വാഷിംഗ്ടണിലേയ്ക്ക് തലസ്ഥാനം മാറ്റി.
വാഷിംഗ്ടണിന്റെ മുഖം അമേരിക്കന്‍ ഡോളറിലും ക്വാര്‍ട്ടര്‍ നാണയങ്ങളിലും പ്രത്യക്ഷമാണ്. നൂറുകണക്കിന് സ്‌കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ജോര്‍ജ് വാഷിംഗ്ടണ്‍ ബ്രിഡ്ജും നിലവിലുണ്ട്. രണ്ട് പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. ‘മൈ ജേര്‍ണി ടു ദി ഒഹായോ വാലി’, ‘പെന്‍ പാല്‍ വിത്ത് മെനി എറൗണ്ട് ദി വേള്‍ഡ്’ എന്നിവയാണവ.