രഞ്ചിന്‍ ജോണ്‍ എന്ന വിദ്യാര്‍ത്ഥി ജേര്‍ണലിസം പിജി റിസള്‍ട്ടു വന്നതിനു ശേഷം തന്റെ കലാലയ ജീവിതത്തേയും പരീക്ഷാ വിജയത്തെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായ കുറിപ്പ്
കലാലയ ജീവിതത്തിലെ ഒരു അധ്യായം കൂടി അവസാനിച്ചിരിക്കുന്നു. കലാലയ ജീവിതം ഇനി ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടില്‍ സുരക്ഷിതം. ഉപരി പഠനം പൂര്‍ത്തിയാക്കി വിജയം നേടി ഇറങ്ങുമ്പോള്‍, മനസിന്റെ ഏതോ കോണില്‍ ഞാന്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന കടപ്പാടുകളുടെ ഒരു വലിയ ഓര്‍മപുസ്തകം ഒന്ന് തുറക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അതിലെ ഓരോ താളുകളും മറിക്കുമ്പോള്‍ കടന്നുവന്ന വഴികളില്‍ മാര്‍ഗദര്‍ശിയായ അധ്യാപകര്‍, ദൈവത്തെ പകര്‍ന്നു നല്‍കിയ മാതാപിതാക്കള്‍, വൈദികര്‍ തുടങ്ങി നിരവധി വ്യക്തിത്വങ്ങളെയും കാണാം.
ഉപരിപഠനം ഏഷ്യയിലെ ആദ്യ മീഡിയ കോളേജില്‍. സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും വളര്‍ന്നു വരുന്ന വ്യക്തിയെ സംബന്ധിച്ച് ഡിഗ്രിയോട് കൂടി പഠനം അവസാനിക്കേണ്ടതാണ്. ദൈവ കൃപ ഒന്നുകൊണ്ടു മാത്രം ഉപരിപഠനം എന്ന ഒരിക്കലും കാണാത്ത സ്വപ്നത്തിലേക്ക് പ്രിയ മാതാപിതാക്കള്‍, ചാച്ചനും അമ്മയും, എന്നെ നയിച്ചു. ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യുണിക്കേഷന്‍ എന്ന വിദ്യാലയ കുടുംബത്തിലേക്കാണ് അവരെന്നെ കൈപിടിച്ച് ഏല്‍പ്പിച്ചത്. അപ്പച്ചനെയും അമ്മച്ചിയേയും നന്ദിയോടെ ഓര്‍ക്കാതെ വയ്യ. ഒപ്പം കൂടപ്പിറപ്പിനെയും. ഇവര്‍ക്കൊപ്പം എന്നെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന എന്റെ അച്ചന്‍ അങ്കിളിനെയും ഓര്‍ക്കാതെ വയ്യ. എന്നെ ഞാന്‍ ആക്കിയതില്‍ അങ്കിളിന്റെ പിന്തുണയും പ്രോത്സാഹനവും കരുതലും മറക്കാവുന്നതല്ല.
എസ് ജെ സി സി കുടുംബത്തിലേക്ക് പ്രിന്‍സിപ്പാള്‍ ജോസഫ് പാറയ്ക്കല്‍ അച്ചന്‍ ഏറെ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു ബാച്ചില്‍ അവരുടെ കൂടപ്പിറപ്പായി, ഏക ആണ്‍തരിയായി, നിരവധി പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ പഠിച്ച ക്ലാസിലെ ഇരിപ്പിടങ്ങളിലേയ്ക്ക് അല്പം ഭയത്തോടെയാണ് കയറി ചെന്നത്. അവിടെ എന്നെ വരവേറ്റത് ഷാലറ്റ് എം ജോര്‍ജ് ആയിരുന്നു. അധ്യാപകരുടെ അനുഗ്രഹം കൊണ്ട് മാത്രം ഓരോ പടികളും കയറി പോന്ന എനിക്ക് മിസ്സിന്റെ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ല.. മറ്റൊരാളാണ് ഏറ്റവും പ്രിയപ്പെട്ട എലിസബത്ത് ജോര്‍ജ് മിസ്. ഒരു ശരാശരി വിദ്യാര്‍ത്ഥി ആയ എനിക്ക് വലിയ പിന്തുണ ഇവര്‍ രണ്ടുപേരും നല്‍കിയിരുന്നു. മൂന്നാമത്തെയാള്‍ അകാലത്തില്‍ ഞങ്ങളെ വിട്ട് പോയ പ്രിയ ബിജു സാര്‍ ആയിരുന്നു.
പിന്നെയുള്ളത് ലിങ്കണ്‍ അച്ചന്‍. അച്ചന്‍ വെട്ടി തിരുത്തി തന്ന പേപ്പറുകള്‍ തന്നെ
മൂന്നു കിലോയോളം ഉണ്ടായിരുന്നു. പിന്നെയും നിരവധി അധ്യാപകര്‍. ആല്‍വില്‍ വല്ലയില്‍, അരുണിമ ജയകുമാര്‍ മിസ്സ്, സാജന്‍ സാര്‍, അഭിലാഷ് സാര്‍, ശിവപ്രസാദ് സാര്‍, ബിനു വര്‍ഗീസ് സര്‍, ജിനു സാര്‍, നിസ മിസ്, ജോസി സാര്‍, ജിമ്മി ആന്റണി സാര്‍ തുടങ്ങി നിരവധിപ്പേര്‍. ഒരു വാക്കില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല ഈ അധ്യാപകരോടുള്ള കടപ്പാട്. എല്ലാവരെയും ഏറെ നന്ദിയോടെ ഓര്‍ക്കട്ടെ…
സുഹൃത്തുക്കളായ ചിലരും എനിക്ക് അധ്യാപകരായിരുന്നു. പ്രിയപ്പെട്ട തോമസ് ജോര്‍ജ്, പല ദിവസങ്ങളിലും രാത്രി 1 മണിയോളം എന്നെ പഠിപ്പിക്കാന്‍ വേണ്ടി പരിശ്രമിച്ച സുഹൃത്ത്. മരിയയാകട്ടെ ഒരു അധ്യാപികയെ പോലെ തന്നെ പി ജിയുടെ ഓരോ അധ്യായങ്ങളും പറഞ്ഞു തന്ന വ്യക്തി. ബിമല്‍കൃഷ്ണ നെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.
പ്രൊജക്റ്റ് ആവശ്യങ്ങള്‍ക്കായി എന്നെ സഹായിച്ച ജോയല്‍ ജോസ്, ആല്‍ബിന്‍ ബെന്നി, നാരായാണന്‍ നമ്പൂതിരി, ജി, ജി ടെ അച്ഛന്‍ തുടങ്ങിയവരെ ഏറെ നന്ദിയോടെ ഓര്‍ക്കുന്നു. സജി മാനാംപുറം അങ്കിളിനെയും മറക്കാനാവില്ല. ഒരു ദിവസം എനിക്കായി സമയം നീക്കി വച്ച അങ്കിള്‍. അതോടൊപ്പം റോയി പടിപ്പുരയ്ക്കല്‍ അങ്കിളിനേയും നന്ദിയോടെ ഓര്‍ക്കട്ടെ.
സാക്ഷ്യം
ദൈവത്തിനു മാര്‍ക്ക് ഇടാമോ? ദൈവത്തിന്റെ പാതി കിട്ടിയാല്‍ മതി ജയിക്കുവല്ലോ എന്ന് പറയുന്നവര്‍ നിരവധി ഉണ്ട്. എങ്ങനെ ആ പാതി നേടാം എന്നതാണ് ഞാന്‍ താഴെ കുറിക്കുക. നല്ല ഒരു വിജയം എനിക്ക് ദൈവം സമ്മാനിച്ചു. അതിന്റെ പ്രധാന കാരണം എന്റെ അധ്യാപകരുടെ അനുഗ്രഹം ഒന്നുമാത്രം. ദൈവത്തിന്റെ പാതി ഇവിടെ ആരംഭിക്കുകയാണ്. എനിക്കായി ഓരോ പരീക്ഷക്കും വി. കുര്‍ബാന അര്‍പ്പിച്ച പ്രിയ വൈദികര്‍. എനിക്കായി ഉരുകിയ ചാച്ചന്റെയും അമ്മയുടെയും കണ്ണുനീര്‍. ഇവയെല്ലാം ചേര്‍ന്നപ്പോള്‍ ദൈവത്തിന്റെ പാതി ഇങ്ങു പോന്നു. വിദ്യാര്‍ത്ഥി എന്നും അധ്യാപകര്‍ക്കായി പ്രാര്‍ത്ഥിക്കണം. എന്റെ പഠന ജീവിതത്തില്‍ എന്നെ ഇന്ന് വരെ പഠിപ്പിച്ച അധ്യാപകരുടെയും അനുഗ്രഹമാണ് പഠനപാതയില്‍ ഇവിടെ വരെ എത്തിച്ചേരുവാന്‍ ഇടയാക്കിയത്.
ഒരു ചെറു ഉദാഹരണമുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ ഞാന്‍ തോറ്റു പോകുവാന്‍ ഇടവന്നു. വളരെ ഏറെ ദുഃഖം. വീട്ടില്‍ ചാച്ചനോടും അമ്മയോടും പറഞ്ഞെങ്കിലും അവര്‍ വഴക്ക് പറഞ്ഞ് വിഷമിപ്പിച്ചില്ല. പക്ഷെ പല മുഖങ്ങള്‍ പെട്ടന്ന് മനസിലൂടെ ഓടി മറഞ്ഞു. ഒരിറ്റ് കണ്ണീരോടെ ഞാന്‍ നിന്ന മണ്ണ് നനഞ്ഞു. 15മിനിറ്റ് കഴിയുമ്പോള്‍ ഒരുവാര്‍ത്തയെത്തി. പ്രസ്തുത പരീക്ഷയുടെ റിസള്‍ട്ട് പിന്‍വലിച്ചു. 5മണിക്ക് വീണ്ടും റിസള്‍ട്ട് പുനര്‍ പ്രസിദ്ധികരിച്ചു. അതില്‍ വിജയിക്കുവാന്‍ ദൈവം ഇടവരുത്തി. കാരണം ഇതാണ് ദൈവത്തിന്റെ 50%.
ഓര്‍മ്മയുടെ ചെറു കൂടാരത്തിലേയ്ക്ക് ഈ പഠന കാലവും ചേര്‍ക്കപ്പെടുകയാണ്. എന്നെ ഒരു വര്‍ഷക്കാലം വഹിച്ച എന്റെ ബുള്ളറ്റും (സൈക്കിള്‍) അതിലെ യാത്രയും തുടങ്ങി ചെറുതും വലുതുമായ നിരവധി സംഭവങ്ങള്‍ ഈ കടപ്പാടിന്റെ ഗ്രന്ഥത്തില്‍ കോറിയിടുകയാണ്. ഇനിയും നിരവധി കാര്യങ്ങള്‍ ഇതിലേക്ക് കൂട്ടിചേര്‍ക്കപ്പെടും. ഒരിക്കല്‍ക്കൂടി എന്നെ ഞാന്‍ ആക്കിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി!