താലിബാന്‍ ഭരണം നടത്തുന്ന അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നരകതുല്യമെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ഖാമ പ്രസ്സ് ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യത്ത് ഭക്ഷ്യദൗർലഭ്യം രൂക്ഷമാണെന്നും ആയുർദൈർഘ്യം കുറഞ്ഞുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
വേൾഡ് ഫുഡ് പ്രോഗ്രാം അഫ്ഗാന് നൽകിയിരുന്ന വിഹിതം വെട്ടിക്കുറച്ചതിനെ തുടർന്നാണ് ഭക്ഷണദൗര്‍ലഭ്യം രൂക്ഷമായത്. ഇതേ തുടര്‍ന്ന് പത്തുലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ അഫ്ഗാനിസ്ഥാനിലെ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, “സ്ത്രീകൾ എല്ലാദിവസവും സാമൂഹികജീവിതത്തിൽനിന്ന് ക്രമേണ ഒഴിവാക്കപ്പെടുന്നു. അവരുടെ കുട്ടികൾക്ക് ഉപജീവനത്തിനും പോഷണത്തിനുമുള്ള അവസരം നിഷേധിക്കപ്പെടുന്നു.” ബ്രസ്സൽസിൽ നടന്ന യോഗത്തിൽ അഫ്ഗാൻ ജനതയ്‌ക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
അതേസമയം, ശൈത്യകാലത്ത് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാണ്. ഒപ്പം സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണംകൂടി വെട്ടിക്കുറച്ചതോടെ വലിയ ദുരന്തമാണ് അഫ്ഗാന്‍ജനതയെ കാത്തിരിക്കുന്നത്. അടുത്ത, കഠിനമായ ശൈത്യകാലത്തേക്കായി ഒരു ബില്യണ്‍ യു.എസ് ഡോളര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.