‘ജീവിതം; ചരിത്രത്തിലെ എന്റെ കഥ’ എന്നപേരിൽ ഫ്രാൻസിസ് പാപ്പായുടെ പുതിയ പുസ്തകം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ രാജ്യങ്ങളിൽ പുറത്തിറങ്ങുന്ന ഹാർപ്പർകോളിൻസ് പ്രസിദ്ധീകരണമായ ഈ പുസ്തകത്തിൽ അദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളെ, ഇരുപതാം നൂറ്റാണ്ട് ഇന്നുവരെ അടയാളപ്പെടുത്തിയ മഹത്തായ സംഭവങ്ങളുമായി ഇഴചേർത്തിരിക്കുന്നു.
1939 -ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾമുതൽ മനുഷ്യരാശിയെ അടയാളപ്പെടുത്തിയ സംഭവങ്ങളിലൂടെ തന്റെ ജീവിതത്തിന്റെ കഥ തുറന്നുപറയുന്ന പുസ്തകം 2024 -ലെ വസന്തകാലത്താണ് പ്രസിദ്ധീകരിക്കുന്നത്. ഇറ്റലി, വടക്കേ അമേരിക്ക, യു.കെ, കാനഡ, ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, മെക്സിക്കോ, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് പുസ്തകം പ്രസിദ്ധീകരിക്കുക.
ബെർലിൻ മതിലിന്റെ പതനം, അർജന്റീനയിലെ വിഡെലയുടെ അട്ടിമറി, 1969 -ലെ ചന്ദ്രാവരോഹണം, 1986 -ലെ ലോകകപ്പിൽ മറഡോണ നേടിയ ഗോൾ ദൈവത്തിന്റെ കൈയ്യായി ചരിത്രത്തിൽ ഇടംപിടിച്ച സംഭവം, നാസികളുടെ യഹൂദ ഉന്മൂലനം, ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷം, 2008 -ലെ വലിയ സാമ്പത്തികമാന്ദ്യം, ഇരട്ടഗോപുരങ്ങളുടെ തകർച്ച, പകർച്ചവ്യാധി, ബെനഡിക്ട് പതിനാറാമന്റെ രാജിയും അദ്ദേഹത്തെ ഫ്രാൻസിസ് എന്നപേരിൽ പാപ്പയായി തിരഞ്ഞെടുത്ത കോൺക്ലേവും തുടങ്ങി ലോകത്തെ മാറ്റിമറിച്ച നിമിഷങ്ങളെ തന്റെ ഓർമ്മകളിലൂടെ അസാധാരണമാംവിധം വീണ്ടും തുറക്കുന്ന പുസ്തകമാണ് ‘ജീവിതം; ചരിത്രത്തിലെ എന്റെ കഥ.’