Monday, November 25, 2024

ശ്രേഷ്ഠ സ്വേച്ഛാധിപതിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ജീവിതകഥ

ശ്രേഷ്ഠരായ സ്വേച്ഛാധിപതികളില്‍ ഒരാളെന്ന് ലോകം വിശേഷിപ്പിച്ച നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, ഫ്രാന്‍സിലെ കോഴ്സിക്ക ദ്വീപിലെ ഒരു സാധാരണ കുടുംബത്തിലാണ് 1769 ഓഗസ്റ്റ് 15 ന് ജനിച്ചത്. ജന്മംകൊണ്ട് ഇറ്റലിക്കാരനാണെങ്കിലും ഫ്രാന്‍സ്, തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തതിനാല്‍ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. സമ്പന്നരല്ലെങ്കിലും ഉന്നതകുലജാതരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍.

പഠനകാലഘട്ടം

ട്രോയ്സിനടുത്ത ബ്രിയന്നെ ലെ ചാഷ്യൂവെന്ന ചെറുപട്ടണത്തിലെ സൈനിക സ്‌കൂളിലായിരുന്നു നെപ്പോളിയന്റെ പഠനം. ഗണിതത്തിലും ഭൂമിശാസ്ത്രത്തിലും അസാമാന്യ മികവ് പ്രകടിപ്പിച്ചിരുന്ന നെപ്പോളിയന്‍ മറ്റു വിഷയങ്ങളില്‍ പരാജയമായിരുന്നു. 1784 ല്‍ ബ്രിയെന്നയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. ഉന്നതപഠനത്തിനായി പാരീസിലേയ്ക്ക് പോയ നെപ്പോളിയന്‍ രണ്ടു വര്‍ഷത്തെ കോഴ്സ് ഒറ്റ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. പീരങ്കിപ്പട്ടാള പഠനത്തിനാണ് പിന്നീട് പോയത്. സൈനികപഠനം പൂര്‍ത്തിയാക്കി ഫ്രഞ്ച് പീരങ്കിപ്പട്ടാളത്തിന്റെ രണ്ടാം ഉപസേനാപതിയായി സൈനിക ജീവിതമാരംഭിച്ചു.

ജന്മനാട്ടില്‍ നിന്നുള്ള നാടുകടത്തല്‍

1792 ല്‍ തന്റെ ജന്മനാട്ടിലേക്ക് അദ്ദേഹം തിരികെ എത്തി. കോര്‍സിക്കയുടെ ഗവര്‍ണര്‍ പോളിക്കെതിരെ നെപ്പോളിയന്‍ ചില ഫ്രഞ്ച് സുഹൃത്തുക്കളെ സംഘടിപ്പിച്ച് സമരം ചെയ്‌തെങ്കിലും ബഹുഭൂരിപക്ഷം പേരും പോളിക്കു പിന്നില്‍ അണിനിരന്നു. ഇതോടെ ജന്മനാട്ടില്‍ നെപ്പോളിയന്‍ ഒറ്റപ്പെട്ടു. ജനങ്ങള്‍ നെപ്പോളിയനെ നാടുകടത്തി. അദ്ദേഹത്തിന്റെ വീട് നശിപ്പിച്ചു. നെപ്പോളിയന്‍ തന്റെ കുടുംബാംഗങ്ങളുമായി ഒരു തോണിയില്‍ കയറി ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടു.

നെപ്പോളിയന്റെ ജയപരാജയങ്ങള്‍

1799 ല്‍ അട്ടിമറിയിലൂടെ ഫ്രാന്‍സിന്റെ അധികാരം പിടിച്ച നെപ്പോളിയന്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്ത്, തന്റെ സാമ്രാജ്യം വിസ്തൃതമാക്കി. അതീവ ബുദ്ധിമാനും നയതന്ത്രജ്ഞനുമായിരുന്ന നെപ്പോളിയന്‍ 1802 ല്‍ ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായി അഭിഷിക്തനായി. ബ്രിട്ടനുമായി 1805 ല്‍ നടത്തിയ ട്രാഫല്‍ഗര്‍ യുദ്ധത്തില്‍ നെപ്പോളിയന്‍ പരാജയപ്പെട്ടെങ്കിലും അതേവര്‍ഷം തന്നെ റഷ്യയ്ക്കും ഓസ്ട്രിയയ്ക്കും എതിരായി നടന്ന ഓസ്റ്റര്‍ലിസ് യുദ്ധത്തില്‍ നെപ്പോളിയന്‍ വിജയിച്ചു. തൊട്ടടുത്ത വര്‍ഷം ബ്രിട്ടനെതിരെ സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തി. എന്നാല്‍ 1815 ജൂണ്‍ 22 ന് നടന്ന വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയന്‍ ബ്രിട്ടനോട് പരാജയപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു.

1812 ലെ റഷ്യന്‍ ആക്രമണത്തിനുള്ള കാരണങ്ങള്‍

നെപ്പോളിയന്‍ കൊണ്ടു വന്ന ഒരു പദ്ധതി റഷ്യ വകവച്ചില്ല. റഷ്യ ഇംഗ്ലണ്ടുമായി വാണിജ്യബന്ധം പുലര്‍ത്തുന്നതും നെപ്പോളിയന് സ്വീകാര്യമായിരുന്നില്ല. സന്ധി സംഭാഷണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതാണ് റഷ്യ ആക്രമിക്കാന്‍ നെപ്പോളിയന് പ്രകോപനമായത്. എല്ലാത്തരത്തിലും റഷ്യ ഒരു വന്‍മതില്‍ പോലെ നെപ്പോളിയനു മുന്നില്‍ ഉയര്‍ന്നു നിന്നു. റഷ്യയെ വരുതിക്ക് കൊണ്ടുവരാതെ തനിക്ക് ചരിത്രത്തില്‍ വലിയ മഹത്വം അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം കരുതിയിട്ടുണ്ടാവാം.

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പെണ്‍വിഷയം കൂടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. നെപ്പോളിയന് തന്റെ ഭാര്യയായ ജോസഫൈനില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ ഔപചാരികമായി വിവാഹമോചനം നേടി. തുടര്‍ന്ന് നെപ്പോളിയന്‍ റഷ്യന്‍ ചക്രവര്‍ത്തിയായ സാര്‍ അലക്സാണ്ടര്‍ ഒന്നാമന്റെ സഹോദരിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു. സര്‍ വഴങ്ങിയില്ല. നെപ്പോളിയന്‍ ഒടുവില്‍ ഓസ്ട്രിയയിലെ രാജകുമാരിയെ വിവാഹം ചെയ്തു. ഇതിന്റെ വാശിയും അദ്ദേഹത്തിനുണ്ടായിരുന്നതായി കരുതപ്പെടുന്നു.

റഷ്യന്‍ ആക്രമണത്തിനായി നെപ്പോളിയന്‍ നടത്തിയ തയാറെടുപ്പുകള്‍

റഷ്യന്‍ ആക്രമണത്തിന് വേണ്ടി വിപുലമായ തയാറെടുപ്പുകളാണ് നെപ്പോളിയന്‍ നടത്തിയത്. ആറുലക്ഷത്തിന് അടുത്ത അംഗബലം. അന്നുവരെ യൂറോപ്പ് കണ്ടതില്‍ വച്ച് ഏറ്റവും വലിയ സൈന്യമായിരുന്നു അത്. സൈന്യത്തിന് വേണ്ട പടക്കോപ്പുകളും ഭക്ഷണവും എത്തിച്ചുകൊടുക്കാന്‍ എണ്ണായിരത്തോളം കുതിരവണ്ടികളെ അണിനിരത്തി. നാല് കുതിരകള്‍ വലിക്കുന്ന വണ്ടികളായിരുന്നു അധികവും. കാളവണ്ടികളും കുറവല്ലായിരുന്നു. ശരാശരി ഒരു ടണ്ണിലേറെ ഭാരം വഹിക്കാന്‍ ഇവയ്ക്ക് കഴിയുമായിരുന്നു. ഇവയെ ഇരുപത് വരികളായാണ് ക്രമീകരിച്ചിരുന്നത്.

പോളണ്ടിലും കിഴക്കന്‍ പ്രഷ്യയിലും വേണ്ടത്ര വിഭവങ്ങള്‍ സമാഹരിച്ച് സൂക്ഷിക്കാനും ഇവിടെ നിന്ന് യുദ്ധമുഖത്തേക്ക് എത്തിക്കാനും ഏര്‍പ്പാടു ചെയ്തിരുന്നു. തന്റെ റഷ്യന്‍ ഉദ്യമം നാല്‍പ്പത് ദിവസം നീളുമെന്ന് നെപ്പോളിയന്‍ കണക്കുകൂട്ടി. പീരങ്കകളുടെ വലിയ നിരകള്‍ തന്നെ സജ്ജമാക്കി. ഇവയുടെ പ്രവര്‍ത്തനം ഏറെ ചിട്ടയോടെയായിരുന്നു. ഇംഗ്ലീഷ് ചരിത്രകാരന്മാര്‍ പോലും നെപ്പോളിയന്റെ സംഘാടനമികവിന് മികച്ച ഉദാഹരണമായി റഷ്യന്‍ ആക്രമണത്തെയാണ് വിവരിക്കുന്നത്.

ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു

നെപ്പോളിയന്റെ യുദ്ധങ്ങള്‍ ഓരോന്നും ഓരോ ക്ലാസിക് ഉദാഹരണങ്ങളായിരുന്നു. അസാമാന്യ ധീരതയും ചങ്കൂറ്റവും ബുദ്ധിവൈഭവവും കൊണ്ട് ജയിച്ച ചില യുദ്ധങ്ങളും കണക്കുകൂട്ടലുകളിലെ പിഴവ് കാരണം ഉണ്ടാകുന്ന തിരിച്ചടികളുടെ ഉദാഹരണങ്ങളായി മറ്റു ചിലതും. ലിറ്റില്‍ കോര്‍പ്പറല്‍, വിധിയുടെ മനുഷ്യന്‍, ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നീ അപരനാമങ്ങളും നെപ്പോളിയനുണ്ടായിരുന്നു. ഫ്രഞ്ച് സൈന്യത്തിന്റെ ഉയരങ്ങള്‍ താണ്ടിയ നെപ്പോളിയന്റെ ഉയര്‍ച്ചയ്ക്ക് വഴിവച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ്. അതുകൊണ്ടാണ് നെപ്പോളിയനെ ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്ന് വിളിക്കുന്നത്.

സെന്റ് ഹെലേന ദ്വീപിലെ നെപ്പോളിയന്റെ കല്ലറ

നെപ്പോളിയന്റെ അന്ത്യ നിമിഷങ്ങള്‍ക്ക് സാക്ഷിയായ ചരിത്രദ്വീപാണ് സെന്റ് ഹെലേന ദ്വീപ്. ലോകത്തിലെ തന്നെ ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബ്രിട്ടന്റെ അധീനതയിലുള്ള ഈ ദ്വീപ്. വാട്ടര്‍ലൂ യുദ്ധത്തില്‍ ബ്രിട്ടനോടു പരാജയപ്പെട്ട നെപ്പോളിയനെ 1815 ല്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപിലേയ്ക്ക് നാടുകടത്തി. ആറു വര്‍ഷത്തിനുശേഷം, 1821 മേയ് അഞ്ചാം തിയതി തന്റെ അമ്പത്തിയൊന്നാം വയസ്സില്‍ അദ്ദേഹം മരിച്ചു. മൃതദേഹം ദ്വീപില്‍ അടക്കം ചെയ്തെങ്കിലും അവശിഷ്ടങ്ങള്‍ പിന്നീടു പുറത്തെടുത്തു പാരീസിലേയ്ക്കു കൊണ്ടുപോയി. ഇപ്പോള്‍ ഈ ദ്വീപിലെ മുഖ്യ ആകര്‍ഷണം നെപ്പോളിയന്റെ കല്ലറയാണ്. ഇപ്പോള്‍ സെന്റ് ഹെലേനയില്‍ 4000 ത്തോളം ആളുകള്‍ ജീവിക്കുന്നുണ്ട്.

മരണകാരണം പെര്‍ഫ്യൂമോ, ആഴ്സനിക് വിഷമോ?

നെപ്പോളിയന്റെ മരണത്തിന് കാരണമായത് പെര്‍ഫ്യൂമുകളോടുള്ള അദ്ദേഹത്തിന്റെ അമിതമായ പ്രേമമായിരുന്നു എന്ന് ചില ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുണ്ട്. പെര്‍ഫ്യൂമിന്റെ അമിത ഉപയോഗമായിരിക്കാം അദ്ദേഹത്തിന്റെ മരണത്തിലേയ്ക്ക് നയിച്ച ആമശയ കാന്‍സറിന് കാരണമെന്ന് അവര്‍ വിലയിരുത്തുന്നു. സുഗന്ധവസ്തുക്കളുടെ അനേക ശേഖരം അദ്ദേഹം കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്നു. പെര്‍ഫ്യൂമിന് ഔഷധമൂല്യമുണ്ടെന്നും വിശ്വസിച്ചിരുന്നത്രേ.

നെപ്പോളിയന്റെ മരണത്തെക്കുറിച്ച് വേറെയും കഥകളുണ്ട്. അര്‍ബുദം ബാധിച്ചല്ല, ആഴ്സനിക് വിഷം ഉള്ളില്‍ ചെന്നാണ് അദ്ദേഹം മരിച്ചതെന്ന കഥയാണ് അതിലൊന്ന്. നെപ്പോളിയന്റെ മുടിയിഴകളില്‍ നിന്നും ലഭിച്ച ആഴ്സനിക് അംശമാണ് ഇങ്ങനെ സംശയിക്കാന്‍ കാരണമായത്. നെപ്പോളിയന്‍ ഹെലേന ദ്വീപില്‍ നിന്നും രക്ഷപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റേതായി അടക്കം ചെയ്ത മൃതദേഹം മറ്റാരുടെയോ ആണെന്നും വിശ്വസിക്കുന്നവരുണ്ട്.

ആയുധങ്ങളും വസ്ത്രവും വിറ്റുപോയത് കോടികള്‍ക്ക്

നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഉപയോഗിച്ചിരുന്ന അമൂല്യമായ ആയുധങ്ങളും വസ്ത്രങ്ങളും ലേലം ചെയ്ത് പോയത് 2.8 മില്ല്യണിലേറെ ഡോളറിനാണ്. ഫ്രഞ്ച് വിപ്ലവകാലത്തടക്കം അദ്ദേഹം ഉപയോഗിച്ചിരുന്ന വാളും വസ്ത്രവും അഞ്ച് കൈത്തോക്കുകളുമാണ് ലേലത്തിന് വച്ചിരുന്നത്. വാങ്ങിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

 

 

Latest News