Monday, March 31, 2025

ആദ്യം യുഎസ് സൈനികൻ; പിന്നീട് ഏഷ്യയിലെ മികച്ച ഷെഫും നെറ്റ്ഫ്ലിക്സ് താരവും: വ്യത്യസ്ത വഴികളിൽ സഞ്ചരിച്ച സുങ് ആൻ

യുഎസ് ആർമിയുടെ ഭാഗമായി ഇറാഖിലെ യുദ്ധമേഖലയിൽ സേവനമനുഷ്ഠിച്ച ശേഷം ഏഷ്യയിലെ ഫൈൻ ഡൈനിംഗ് രംഗത്തേക്കുള്ള, ഏഷ്യയിലെ മികച്ച ഷെഫായുള്ള കൊറിയൻ-അമേരിക്കൻ വംജനായ സുങ് ആൻ്റെ ജീവിത യാത്ര അസാധാരണവും പ്രചോദനാത്മകവുമാണ്.

42 കാരനായ സുങ്, ദക്ഷിണ കൊറിയയിലെ ഒരേയൊരു മൂന്ന് മിഷേലിൻ-സ്റ്റാർ ലഭിച്ച റസ്റ്റോറൻ്റായ മോസു സിയോളിൻ്റെ ചീഫ് ഷെഫും ഉടമയുമാണ്. ഈയടുത്ത് ഹിറ്റായ പുതിയ നെറ്റ്ഫ്ലിക്‌സ് സീരീസായ ‘കളിനറി ക്ലാസ് വാർസ്’ ലെ സത്യസന്ധനും തുറന്ന് സംസാരിക്കുന്നതിന് പേര് കേട്ട വിധികർത്താവും കൂടിയാണ് സുങ്. ഇത് തന്നെയാണ് സുങ്ങിനെ ആരാധകരുടെ ഇടയിൽ പ്രശസ്തനാക്കിയതും. ദക്ഷിണ കൊറിയയിലെ മികച്ച പാചകക്കാരൻ എന്ന ടൈറ്റിലിനായി 20 എലൈറ്റ് ഷെഫുകൾ 80 ഓളം വരുന്ന ഷെഫുമാരിൽ നടത്തുന്ന ഒരു ഹിറ്റ് റിയാലിറ്റി കുക്കിംഗ് ഷോയാണ് ‘കളിനറി ക്ലാസ് വാർസ്’.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിൽ ജനിച്ച സുങ്ങും കുടുംബവും അദ്ദേഹത്തിന് 13 വയസ്സുള്ളപ്പോൾ കാലിഫോർണിയയിലെ സാൻ ഡിയാഗോയിലേക്ക് കുടിയേറിയതാണ്. യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് വളർന്ന സുങ്ങിന്റെ കൗമാരവും പാചകത്തിൽ നിന്നും അധികം ദൂരെയായിരുന്നില്ല.

കോളേജ് പഠനത്തിന് ശേഷം യുഎസ് ആർമിയിൽ ചേരാൻ സുങ് തീരുമാനിച്ചത് കൂടുതൽ യാത്ര ചെയ്യാനുള്ള ആഗ്രഹം മൂലമായിരുന്നു. നാല് വർഷത്തെ സേവനത്തിൽ, തന്റെ ജന്മ രാജ്യമായ ദക്ഷിണ കൊറിയയിലേക്കും മിഡിൽ ഈസ്റ്റിലേക്കും പോവാൻ ഇദ്ദേഹത്തിന് സാധിച്ചു. മുത്തച്ഛനും കുടുംബക്കാരിൽ നിന്നും കൊറിയൻ യുദ്ധത്തെക്കുറിച്ചും വിയറ്റ്നാം യുദ്ധത്തെക്കുറിച്ചും കേട്ട് വളർന്ന സുങ്ങിന് യുദ്ധത്തിന് പോകാനും അത് അനുഭവിക്കാനും ഒരു അവസരം വേണമെന്ന് കരുതിയാണ് യുഎസ് ആർമിയിൽ ഇറാഖിലേക്ക് പോകാൻ സന്നദ്ധത അറിയിച്ച് വോളന്റിയർ ചെയ്തത്. ഇറാഖിലേക്ക് പോകാനുള്ള ആ തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു.

2002-ൻ്റെ അവസാനത്തിൽ, സേനയുടെ ആർട്ടിലറി വിഭാഗത്തിൽ സ്പെഷ്യലിസ്റ്റ് ആയി ബാഗ്ദാദിലും സുങ് ജോലി ചെയ്തിട്ടുണ്ട്. 2003-ൽ സദ്ദാം ഹുസൈനെ കണ്ടെത്തിയ ബങ്കർ കണ്ടെത്തിയ ടീമിൽ സുങ്ങും ഉണ്ടായിരുന്നു. സൈന്യത്തിലെ തൻ്റെ സേവനത്തെ ഏറ്റവും മഹത്തായതും ‘കണ്ണ് തുറപ്പിക്കുന്നതും’ ആയ സമയമെന്നാണ് സങ് വിശേഷിപ്പിക്കുന്നത്. യുഎസ് ആർമിയിൽ ആയിരുന്നപ്പോൾ ചെയ്തതുപോലെ, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനായിരുന്നു പിന്നീടും സുങ്ങിന്റെ പദ്ധതി.

ആകസ്മികമായ കണ്ടുമുട്ടൽ

തൻ്റെ സൈനിക സേവനത്തിന് ശേഷം കരിയർ മാറ്റാൻ സുങ് ആഗ്രഹിച്ചു. കൗമാരപ്രായത്തിൽ റേസിംഗ് കാറുകൾ ഇഷ്ടപ്പെട്ട സുങ്ങിന്, പോർഷെയിൽ മെക്കാനിക്ക് ആകുക എന്നതായിരുന്നു സ്വപ്നം. എന്നാൽ മെക്കാനിക്കാകാനുള്ള പരിശീലനം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ്, കാലിഫോർണിയയിലെ പ്രശസ്ത പാചക സ്കൂളായ ലെ കോർഡൻ ബ്ലൂവിൻ്റെ പുറത്ത് ഒരു കൂട്ടം പാചകക്കാരുമായുള്ള ഒരു യാദൃശ്ചിക കൂടിക്കാഴ്ച അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ ഗതിയെ മാറ്റിമറിച്ചു. ഈ കൂടിക്കാഴ്ച തന്റെ മെക്കാനിക് സ്വപ്നങ്ങൾ തൽക്കാലത്തേക്ക് മാറ്റിവച്ച് പാചകത്തിൽ ഒരു കൈ നോക്കാൻ പ്രേരിപ്പിച്ചു. ആ തീരുമാനം പിന്നീട് സുങ്ങിന് മാറ്റേണ്ടി വന്നില്ല.

ഈ കരിയർ മാറ്റം യാദൃച്ഛികമെങ്കിലും പാചകം എപ്പോഴും സുങ്ങിന്റെ രക്തത്തിൽ ഉണ്ടായിരുന്നു. കുട്ടിക്കാലത്ത്, മുത്തശ്ശിയുടെ ഭക്ഷണം കഴിച്ച് വളർന്ന സുങ് യുഎസിൽ, സ്കൂളിനുശേഷം തൻ്റെ കുടുംബത്തിൻ്റെ ചൈനീസ് റെസ്റ്റോറൻ്റിന്റെ അടുക്കളയിൽ സഹായിച്ചിരുന്നു.

പാചകവിദ്യാഭ്യാസത്തിനുശേഷം, അമേരിക്കയിലെ മിഷേലിൻ-സ്റ്റാർ ലഭിച്ച ഡ്രെപ്പ് ഫ്രഞ്ച് ലോൺട്രി, ബെനു, ഉറസാവ മുതലായ ചില മികച്ച റെസ്റ്റോറന്റുകളിൽ പ്രവർത്തിച്ചു. കുറഞ്ഞ കാലയളവിൽ തന്നെ പേരെടുത്ത സുങ്, 2015-ൽ, തൻ്റെ സ്വന്തം റെസ്റ്റോറൻ്റ്, മോസു സാൻ ഫ്രാൻസിസ്കോ തുറന്നു. അമേരിക്കൻ രുചികളും തൻ്റെ കൊറിയൻ പൈതൃകവും സംയോജിപ്പിച്ചുള്ള വിഭവങ്ങളായിരുന്നു പ്രധാനമായും വിളമ്പിയിരുന്നത്. സ്വന്തം റെസ്റ്റോറൻ്റ് തുറന്ന് ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തിന് ആദ്യത്തെ മിഷേലിൻ സ്റ്റാർ ലഭിച്ചു.

അതുകൊണ്ട് തൃപ്തിപ്പെടുന്നവനായിരുന്നില്ല സുങ്. ഇതിൽ കൂടുതൽ ചെയ്യാനുണ്ടെന്ന് മനസ്സിലുറപ്പിച്ചു. സ്വന്തം രാജ്യത്തേക്ക് തിരികെ വരാനും, കൊറിയൻ സംസ്കാരവും പൈതൃകവും ഉപയോഗപ്പെടുത്തുവാനും സുങ് തീരുമാനിച്ചു. അങ്ങനെ, 2017-ൽ മോസുവിനെ കൊറിയയിലേക്ക് കൊണ്ടുവന്നു. അവിടെ അദ്ദേഹത്തിന്റെ പദ്ധതി ലളിതമായിരുന്നു; ഭക്ഷണത്തിൽ ഇന്നോവേഷൻ നടത്തുക. സാൻഫ്രാൻസിസ്‌കോയിൽ പരീക്ഷിച്ചത് അദ്ദേഹം കൊറിയൻ ചേരുവകളോടെ സിയോളിൽ വിളമ്പി. എല്ലാം സൂക്ഷ്മമായ വിശദാംശങ്ങളോടെ അദ്ദേഹം ലയിപ്പിച്ചു. സംഭവം വൻ ഹിറ്റ്. അത് 2022-ൽ, മോസു സിയോളിന് മൂന്ന് മിഷെലിൻ സ്റ്റാറുകൾ നേടി കൊടുത്തു.

നെറ്റ്ഫ്ലിക്സ് സ്റ്റാർ

സുങ്ങിന്റെ നേട്ടങ്ങൾ അദ്ദേഹത്തെ നെറ്റ്ഫ്ലിക്സിൻ്റെ ഹിറ്റ് റിയാലിറ്റി കുക്കിംഗ് ഷോയായ ‘കളിനറി ക്ലാസ് വാർസ്’ ൽ വിധികർത്താവ് എന്ന അവസരം നേടിക്കൊടുത്തു. മുതിർന്ന റെസ്റ്റോറേറ്ററായ പൈക് ജോങ്-വിനെപോലുള്ളവരുമായി വേദി പങ്കിടാൻ ഇത് വഴിയൊരുക്കി. സുങ്ങിന്റെ ക്യാമറക്ക് മുന്നിലെ സത്യസന്ധത അദ്ദേഹത്തെ ആഗോള പാചക സർക്കിളുകളിൽ പ്രശസ്തനാക്കി. ക്യാമറക്ക് മുന്നിൽ അഭിനയിക്കാതെ മനസ് തുറന്ന് യുക്തിയോടെയും കൃത്യതയോടെയും മത്സരാർത്ഥികളെ വിധിച്ച അദ്ദേഹത്തിന്റെ രീതികൾ പ്രേക്ഷകർ ഏറ്റെടുത്തു.

ഇത് കൂടാതെ 2024-ൻ്റെ തുടക്കത്തിൽ, മോസു ഉൾപ്പെടെ സിയോളിലെ നാല് റെസ്റ്റോറൻ്റുകൾ ഏഷ്യയിലെ 50 മികച്ച റെസ്റ്റോറൻ്റുകളുടെ പട്ടികയിൽ ഇടം നേടി. ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും മികച്ച 50 റെസ്റ്റോറൻ്റുകളുടെ ചടങ്ങിൽ സങും ആദരിക്കപ്പെട്ടു.

ഭാവി പദ്ധതി

സിയോളിൽ തന്നെ മറ്റൊരു ലൊക്കേഷനിലേക്ക് മാറാൻ പ്ലാനിടുന്ന മോസു, 2025 ൻ്റെ തുടക്കത്തിൽ പുതുക്കിയ മെനുവുമായി തുറക്കും. കൂടാതെ ഏഷ്യയിലുടനീളം ഇവൻ്റുകൾ ഹോസ്റ്റുചെയ്യുന്നതിന്റെയും തിരക്കിലാണ്. ദക്ഷിണ കൊറിയയിലെ ഡൈനിംഗ് രംഗം പോലെ മോസു സിയോളും പുതിയ വിഭവങ്ങൾ ഒരുക്കികൊണ്ട് വികസിക്കുകയും വളരുകയും ചെയ്യുന്നത് തുടരുമെന്ന് സുങ് ഉറപ്പ് നൽകുന്നു.

Latest News