Thursday, April 3, 2025

അതിജീവനത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരം, ‘ലൈഫ് ഓഫ് പൈ’

കനേഡിയന്‍ നോവലിസ്റ്റായ യാന്‍ മാര്‍ട്ടെല്‍ രചിച്ച നോവലാണ് ലൈഫ് ഓഫ് പൈ. 2001 ലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. പോണ്ടിച്ചേരിക്കാരനായ പിസിന്‍ മൊളിറ്റര്‍ പട്ടേല്‍ അഥവാ പൈ പട്ടേല്‍ എന്ന യുവാവിന്റെ കഥയാണിത്. 2002-ലെ മാന്‍ ബുക്കര്‍ സമ്മാനം നേടിയ ഈ നോവലിനെ ആധാരമാക്കി ആങ് ലീയുടെ സംവിധാനത്തില്‍ ലൈഫ് ഓഫ് പൈ എന്ന ഹോളിവുഡ് ചലച്ചിത്രവും പുറത്തിറങ്ങി. നോവല്‍ രൂപത്തിലും ചലച്ചിത്ര രൂപത്തിലും ലക്ഷക്കണത്തിന് ആസ്വാദകരെ നേടിയ കൃതിയാണ് ലൈഫ് ഓഫ് പൈ.

പോണ്ടിച്ചേരിയിലെ പൈ പട്ടേല്‍ എന്ന പതിനാറുകാരന്‍ ബാലന്റെ ജീവിതമാണ് സിനിമയുടെ ആധാരം. മൃഗശാല നടത്തിപ്പുകാരനാണ് പൈയുടെ അച്ഛന്‍. അടിയന്തരാവസ്ഥകാലത്ത് പെട്ടെന്ന് പൈയുടെ കുടുംബത്തിന് ഇന്ത്യ വിടേണ്ടി വരുന്നു. മൃഗങ്ങളെയും കൂട്ടി കുടുംബത്തോടൊപ്പം പൈയുടെ കുടുംബം കടല്‍ മാര്‍ഗം കാനഡയിലേക്ക് പോകുന്നു. സമുദ്രയാത്രയ്ക്കിടെ കപ്പല്‍ തകര്‍ന്ന് പൈ, ഒരു ലൈഫ്‌ബോട്ടില്‍ കാലൊടിഞ്ഞ ഒരു സീബ്ര, ഒരു കഴുതപ്പുലി, ഒരു പെണ്‍ ഒറാങ് ഉട്ടാന്‍, 200 കിലോ തൂക്കം വരുന്ന റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന ബംഗാളി കടുവ എന്നിവയൊടൊപ്പം ഒറ്റപ്പെട്ടു പോകുന്നു. പിന്നീടൊരു അവസരത്തില്‍ ലൈഫ് ബോട്ടില്‍ പൈയും ശൗര്യനായ കടുവയും മാത്രമാകുന്നു. ശേഷം ഇരുവരും നടത്തുന്ന 227 ദിവസത്തെ സാഹസിക യാത്രയാണ് നോവലിന്റേയും സിനിമയുടേയും കഥാതന്തു. പസഫിക് കടലിന്റെ അനന്തനീലിമ പശ്ചാത്തലമൊരുക്കുന്ന അത്യപൂര്‍വ്വയൊരു കഥയാണിത്.

അതിജീവനത്തിന്റെയും ഉത്തമവിശ്വാസത്തിന്റെയും ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരമാണ് നോവലിലുള്ളത്. കടുവയും പൈയും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ഇരുവരുടെയും സന്ദേശ കൈമാറ്റങ്ങളും തികച്ചും യാഥാര്‍ത്ഥ്യത്തോടെ തന്നെ അവതരിപ്പിക്കാന്‍ സാധിച്ചെന്നുള്ളതാണ് കഥാകാരന്റെ വിജയം. പട്ടിണിയും അന്തമില്ലാത്ത അലച്ചിലും ജീവിതത്തിന്റെ ഏകാന്തതയും മനുഷ്യനെയും മൃഗത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും അതെങ്ങനെ കൂടികലര്‍ന്നിരിക്കുന്നുവെന്നും ഈ മാസ്റ്റര്‍ പീസിലൂടെ യാന്‍ മാര്‍ട്ടെല്‍ തെളിയിച്ചു തരുന്നുണ്ട്. മനുഷ്യന്റെയും മൃഗങ്ങളുടെയും ഉള്ളിലുള്ള ചേതോ വികാരങ്ങളുടെ എല്ലാ രൂപഭാവങ്ങളുമിണങ്ങിയ ഈ കൃതി ഒരത്ഭുതം തന്നെയാണ്.

ഏറെ ശ്രദ്ധേയവും മറക്കാനാവാത്തതുമായ ‘ലൈഫ് ഓഫ് പൈയെ’ മൂന്ന് പ്രസ്താവനകളില്‍ സംഗ്രഹിക്കാമെന്നാണ് മാര്‍ട്ടല്‍ പറയുന്നത്. ‘ജീവിതം ഒരു കഥയാണ്’, ‘നിങ്ങള്‍ക്ക് നിങ്ങളുടെ കഥ തിരഞ്ഞെടുക്കാം’, ‘ദൈവവുമായി ചേര്‍ന്നുള്ള ഒരു കഥയാണ് മികച്ച കഥ’. ഈ പുസ്തകത്തിന് രണ്ട് പ്രധാന തീമുകള്‍ ഉണ്ടെന്നും വിലയിരുത്തപ്പെടുന്നു. ‘എല്ലാ ജീവിതങ്ങളും പരസ്പരാശ്രിതമാണ്. കൂടാതെ നാം പരസ്പര വിശ്വാസത്തിലൂടെ ജീവിക്കുകയും ശ്വസിക്കുകയും പോലും ചെയ്യുന്നു’.

സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ പശ്ചാത്തലവും കനേഡിയന്‍ കുടിയേറ്റവും കാരണം ലൈഫ് ഓഫ് പൈയെ ഒരു പോസ്റ്റ് കൊളോണിയല്‍ നോവലായി വിശേഷിപ്പിക്കാം. കൂടാതെ ലൈഫ് ഓഫ് പൈയെ മാജിക്കല്‍ റിയലിസത്തിന്റെ ഒരു സൃഷ്ടിയായും പരിഗണിക്കാം. കാരണം മനുഷ്യ വ്യക്തിത്വമുള്ള മൃഗങ്ങളും നരഭോജി മരങ്ങളുള്ള ദ്വീപുകളും പോലെയുള്ള അതിശയകരമായ ഘടകങ്ങളുള്ള ഒരു സാഹിത്യ സൃഷ്ടിയാണിതും. മാര്‍ട്ടലിന്റെ നോവല്‍, ഒരു സാഹസിക കഥ എന്ന നിലയിലും ആഘോഷിക്കപ്പെടുന്നുണ്ട്.

 

Latest News