സിക്കിമിലെ ടീസ്‌റ്റ നദി കരകവിഞ്ഞതിനെത്തുടര്‍ന്നുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായി. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിനുമുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനവും മുന്നറിയിപ്പില്ലാതെ ചുങ്താങ് അണക്കെട്ട് തുറന്നതുമാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിവരം. വെള്ളപ്പൊക്കത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
“23 ഉദ്യോഗസ്ഥരെ കാണാതായതായി, ചില വാഹനങ്ങൾ ചെളിയിൽ മുങ്ങിയിട്ടുണ്ട്. മേഖലയില്‍ തിരച്ചിൽ നടക്കുന്നു” – ഗുവാഹത്തിയിലെ ഡിഫൻസ് പി.ആർ.ഒയുടെ പ്രസ്താവനയിൽ പറയുന്നു. കനത്ത മഴയ്ക്കുപുറമെ മുന്നറിയിപ്പില്ലാതെ ചുങ്താങ് അണക്കെട്ട് തുറന്നത് നദിയിലെ വെള്ളത്തിന്റെ അളവ് 15-20 അടി ആയി ഉയരാനും ഇത് സിങ്താമിനു സമീപമുള്ള ബർദാങ്ങിൽ പാർക്ക് ചെയ്തിരുന്ന സൈനികവാഹനങ്ങൾ ഒലിച്ചുപോകാൻ ഇടയാക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, താഴ്ന്ന പ്രദേശങ്ങളായ ഗസോൾഡോബ, ദോമോഹാനി, മെഖലിഗഞ്ച്, ഗിഷ് തുടങ്ങിയവയെ പ്രളയം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ് നൽകി. ലാചെൻ താഴ്‌വരയിലെ നിരവധി സൈനികസ്ഥാപനങ്ങൾക്കും വെള്ളപ്പൊക്കം നാശംവിതച്ചിട്ടുണ്ട്. നാശനഷ്‌ടത്തിന്റെ പൂർണ്ണവ്യാപ്‌തി വിലയിരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിക്കിം സർക്കാർ സംസ്ഥാനത്ത് അതീവജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ടീസ്‌റ്റ നദിയിൽനിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.