Monday, November 25, 2024

അന്താരാഷ്ട്ര തലത്തില്‍ സെഞ്ചുറി തികച്ച് ലയണല്‍ മെസ്സി

ലോകകപ്പ് നേട്ടത്തിനു പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ സെഞ്ചുറി തികച്ച് അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. കുറസോവക്കെതിരായി ബുധനാഴ്ച പുലര്‍ച്ചെ നടന്ന സൗഹൃദമത്സരത്തിലാണ് അന്താരാഷ്ട്ര കരിയറില്‍ ‘മിശിഹായുടെ’ നൂറാം ഗോള്‍ നേട്ടം. മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് അര്‍ജന്റീന കുറസോവയെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ 20-ാം മിനിട്ടില്‍ തന്നെ ​മെസ്സി അന്താരാഷ്‌ട്ര ഫുട്ബോളിലെ സെഞ്ചുറി ​ഗോൾ സ്വന്തമാക്കി. പിന്നാലെ 33ഉം 37ഉം മിനിറ്റുകളില്‍ മെസ്സി വീണ്ടും കുറസോവയുടെ ഗോള്‍വല ചലിപ്പിച്ചു ഹാട്രിക് കുറിച്ചു. ലോകചാമ്പ്യന്‍ പട്ടം അര്‍ജന്‍റീനയ്ക്ക് നേടിക്കൊടുത്തതിന്റെ നൂറാം ദിവസം തന്നെയാണ് മെസ്സിയുടെ സെഞ്ചുറി നേട്ടമെന്നതും ശ്രദ്ധേയമാണ്. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോയ്ക്കും ഇറാന്റെ അലി ദേയിക്കും ശേഷം ലോക ഫുട്ബോൾ ചരിത്രത്തിൽ നൂറ് ​ഗോൾ തികയ്‌ക്കുന്ന മൂന്നാമത്തെ താരമാണ് ലയണൽ മെസ്സി. അര്‍ജന്റീനക്കായുളള 174 മത്സരങ്ങളില്‍ നിന്നാണ് താരം സെഞ്ചുറി ഗോള്‍ നേടുന്നത്.

2005ല്‍ ദേശീയ ടീമില്‍ ഇടംപിടിച്ച മെസ്സി ഓഗസ്റ്റ് 17-ന് ഹംഗറിക്കെതിരായാണ് ആദ്യമായി അര്‍ജന്‍റീനിയന്‍ ജഴ്സി അണിഞ്ഞത്. പിന്നാലെ 2006ല്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ആദ്യ ഗോള്‍ നേടി. ഈ മാസം 24 നു പനാമക്കെതിരായി നടന്ന മത്സരത്തില്‍ കരിയറിലെ 800-ാം ഗോളും മെസ്സി സ്വന്തമാക്കിയിരുന്നു. ബ്യൂണസ് ഐറിസില്‍ നടന്ന മത്സരത്തില്‍ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലോക ചാമ്പ്യന്‍മാര്‍ തകര്‍ത്തത്.

Latest News