തുര്‍ക്കിയിലെയും സിറിയയിലെയും ഭൂചലനത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ഥിച്ച് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ഇരു രാജ്യങ്ങളിലും പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള യുണിസെഫ് പദ്ധതിയിലേക്ക് സഹായം നല്‍കണമെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം ആവശ്യപ്പെട്ടത്.
‘സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പ ബാധിതരായ കുട്ടികളും അവരുടെ കുടുംബങ്ങളും വളരെ സങ്കടകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. എന്റെ ഹൃദയം അവര്‍ക്കൊപ്പമാണ്’. മെസ്സി ഫേസ്ബുക്കില്‍ കുറിച്ചു.
‘ദുരന്ത ബാധിതരായ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മേഖലയിലുടനീളം തിരക്കേറിയ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് യുണിസെഫ്. അതിനാല്‍ എല്ലാവരും സാധിക്കുന്ന വിധത്തില്‍ അവര്‍ക്ക് സഹായമെത്തിക്കണം. നിങ്ങളുടെ സഹായം വളരെ മൂല്യമേറിയതാണ്’. യുണിസെഫ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ താരം തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 7.7 തീവ്രതയില്‍ 13 മില്യണ്‍ ജനങ്ങളെ ബാധിച്ച ഭൂചലനം ഉണ്ടായത്. ഏകദേശം 34,000 പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.