സംസ്ഥാനത്ത് 2011 -നുശേഷം ജനിച്ചവരെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയില്‍നിന്നും പുറത്താക്കി ആരോഗ്യവകുപ്പ്. ഇതു സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. 2011 ഒക്ടോബറിനുശേഷം ജനിച്ചവർ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
2005 ഒക്ടോബറിലാണ് സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ അടുത്തിടെ ഇതിന്റെ ആഘാതവുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരുന്നു. ഇതില്‍ ആറുവർഷം മാത്രമേ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ആഘാതം നിലനിൽക്കൂ എന്നായിരുന്നു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് 2011 -നുശേഷം ജനിച്ചവരെ ഈ പട്ടികയില്‍നിന്നും ഒഴിവാക്കി ഉത്തരവിറക്കുകയായിരുന്നു.
എന്നാല്‍, 2011 -നുശേഷവും ഒട്ടേറെ കുഞ്ഞുങ്ങൾ ദുരിതബാധിതരായി ജനിച്ചിട്ടുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ഉത്തരവ് പ്രാബല്യത്തില്‍വന്നതോടെ 2011 -നുശേഷം ജനിച്ച 6,728 കുട്ടികൾ പുറത്താകും. ഇവര്‍ക്ക് സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്ന് ലഭിച്ചിരുന്ന അഞ്ചുലക്ഷം രൂപ ധനസഹായവും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകും.
അതിനിടെ, ഉത്തരവിനെതിരെ പ്രതിഷേധവുമായി കാസർഗോട് ജില്ലയിലെ ദുരിതബാധിതർ രംഗത്തെത്തി. ആരോഗ്യവകുപ്പിന്റെ ഇത്തരമൊരു ഉത്തരവിനുപിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ഇവരുടെ ആരോപണം. ഉത്തരവ് എത്രയുംവേഗം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.