അന്തസ്സോടെ മരിക്കാനും അവസാന നാളുകളില്‍ വൈദ്യ പരിചരണത്തില്‍ അഭിപ്രായം പറയാനുമുള്ള ഒരാളുടെ അവകാശം ഉയര്‍ത്തിക്കാട്ടി ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ‘ലിവിംഗ് വില്‍’ തയ്യാറാക്കി. തൃശൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയിലെ 30 വോളണ്ടിയര്‍മാര്‍മാരാണ് തങ്ങളുടെ വില്‍പത്രം ഒപ്പിട്ടത്. ഈ കൂട്ടായ പ്രയത്‌നത്തിലൂടെ, ഒരു രോഗിയുടെ അവസാന നാളുകളില്‍ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ നടത്തുന്ന ചൂഷണം ഉയര്‍ത്തിക്കാട്ടാനും അവര്‍ ലക്ഷ്യമിടുന്നു.
ഒരു ലിവിംഗ് വില്‍ എന്നത് ഒരു വ്യക്തിക്ക് തന്റെ അറിവോടെ സമ്മതം പ്രകടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ആ വ്യക്തി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന വൈദ്യചികിത്സയെക്കുറിച്ച് മുന്‍കൂട്ടി വിശദീകരിക്കുന്ന ഒരു രേഖാമൂലമുള്ള പ്രസ്താവനയാണ്.
”ഞാന്‍ കാന്‍സര്‍ അതിജീവിച്ചയാളാണ്, ഒരു വ്യക്തിക്ക് ഏത് സാഹചര്യത്തിലാണ് വിപുലമായ വൈദ്യചികിത്സ നല്‍കേണ്ടതെന്നും ഒരു വ്യക്തിയെ എപ്പോള്‍ മരിക്കാന്‍ വിടണമെന്നും എനിക്കറിയാം. ഈ ശ്രമത്തിലൂടെ, അന്തസ്സോടെ മരിക്കാനുള്ള ആളുകളുടെ അവകാശത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്’. തൃശൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സ്ഥാപക അംഗവും റിട്ടയേര്‍ഡ് പ്രൊഫസറുമായ എന്‍എന്‍ ഗോകുല്‍ദാസ് പറഞ്ഞു. ”ദിവസങ്ങളോളം വെന്റിലേറ്റര്‍ പിന്തുണയില്‍ തുടരുന്നതിനുപകരം, ഞങ്ങളില്‍ ചിലര്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ മരിക്കാന്‍ താത്പര്യപ്പെടുന്നു”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലിവിംഗ് വില്‍ ഒരു ഗസറ്റഡ് ഓഫീസറുടെ മുന്നില്‍ ഒപ്പിടണം. ഇതിന്റെ പകര്‍പ്പ് വ്യക്തി താമസിക്കുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് അയക്കും. മകന്‍, മകള്‍, ജീവിതപങ്കാളി അല്ലെങ്കില്‍ അടുത്തുള്ള കുടുംബാംഗങ്ങള്‍ക്കും ഒരു പകര്‍പ്പ് നല്‍കും. സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയറിന്റെ ഡയറക്ടര്‍ ഡോ. ഇ ദിവാകരനും മറ്റ് മേഖലകളില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്സുമാരും പ്രൊഫഷണലുകളും ഉള്‍പ്പെടുന്ന മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം ലിവിംഗ് വില്‍ ഒപ്പിട്ടു.
സുപ്രീം കോടതി വിധിയനുസരിച്ച് നിലവില്‍ ‘ലിവിംഗ് വില്‍’ നിയമവിധേയമാണ്. പക്ഷെ, ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രം. ആ വില്‍ തയ്യാറാക്കുന്നയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടാകണം, ആരോഗ്യമുള്ള മനസ്സുള്ളയാളാകണം, ജീവന്‍ നീട്ടിക്കൊണ്ടുപോകാനുള്ള ചികിത്സ അവസാനിപ്പിക്കേണ്ട സാഹചര്യം എന്താണെന്ന് ധാരണയുണ്ടാകണം, അത്തരമൊരവസ്ഥയില്‍ തന്റെ ശരീരത്തില്‍ എന്ത് ചെയ്യാം എന്ത് ചെയ്തുകൂടാ എന്ന തീരുമാനം ആരോഗ്യമുള്ള മനസ്സുള്ളപ്പോള്‍, പരപ്രേരണ കൂടാതെ എടുക്കണം. ആ സമ്മതപത്രത്തില്‍ രണ്ട് സാക്ഷികള്‍ ഒപ്പിടണം (അവര്‍ ഏറ്റവും അടുത്ത കുടുംബാംഗങ്ങളോ ബന്ധുക്കളോ ആകുന്നതാണ് ഉചിതവും പ്രായോഗികവും). അതില്‍ ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കൂടി ഒപ്പിട്ടാല്‍ നല്ലതാണെന്ന് പറയുന്നുണ്ട്. അത് നിര്‍ബ്ബന്ധമല്ല.
തയ്യാറാക്കിയശേഷം വില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ലിവിംഗ് വില്ലിന്റെ പകര്‍പ്പ് നിങ്ങളുടെ ഡോക്ടര്‍ക്ക് നല്‍കണം, ഒരെണ്ണം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോ ചീഫ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോ സമര്‍പ്പിക്കണം. കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ ബന്ധുക്കളില്ലെങ്കില്‍ അടുത്ത മിത്രങ്ങള്‍ക്കോ കൊടുക്കണം.