Sunday, November 24, 2024

മുതിര്‍ന്ന ബിജെപി നേതാവ് എല്‍. കെ. അദ്വാനിക്ക് ഭാരതരത്‌ന

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്വാനിക്ക് ഭാരതരത്‌ന നല്‍കുന്ന വിവരം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചത്. ‘എല്‍ കെ അദ്വാനിക്ക് ഭാരതരത്ന പുരസ്‌കാരം നല്‍കുന്ന വിവരം പങ്കുവയ്ക്കുന്നതില്‍ സന്തോഷിക്കുന്നു. പുരസ്‌കാരിതനായ അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു’, പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് അദ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ സ്മരണീയമാണ്. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ച് തുടങ്ങി നമ്മുടെ ഉപപ്രധാനമന്ത്രി വരെയായി രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അദ്ദേഹത്തിന്റെത്. നമ്മുടെ ആഭ്യന്തര മന്ത്രി എന്ന നിലയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നവുമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞതാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

‘പതിറ്റാണ്ടുകള്‍ നീണ്ട അദ്വാനിജിയുടെ പൊതുജീവിതം സുതാര്യതയ്ക്കും സമഗ്രതയ്ക്കും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധത അടയാളപ്പെടുത്തിയതാണ്. രാഷ്ട്രീയ ധാര്‍മ്മികതയുടെ മാതൃകാപരമായ മാനദണ്ഡം അദ്ദേഹം മുന്നോട്ടുവെച്ചു. ദേശീയ ഐക്യത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനും വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കിയത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണ്. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനും എണ്ണമറ്റ അവസരങ്ങള്‍ ലഭിച്ചുവെന്നത് ഞാന്‍ എപ്പോഴും ബഹുമതിയായി കണക്കാക്കും’, നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. അദ്വാനിക്കൊപ്പമുള്ള ചിത്രങ്ങളും എക്‌സിലെ കുറിപ്പില്‍ നരേന്ദ്ര മോദി പങ്കുവെച്ചു.

Latest News