Tuesday, November 26, 2024

ഒറ്റപ്പെടല്‍ ഒഴിവാക്കാം ഈ മാര്‍ഗങ്ങളിലൂടെ

തിരക്കുകളുടെ ലോകത്തിലാണ് ഇന്ന് നാം. ആധുനിക മാധ്യമങ്ങളും ജോലിത്തിരക്കുകളും വീട്ടിലെ ആവശ്യങ്ങളുമെല്ലാം ബഹളങ്ങളുടെയും തിരക്കുകളുടേതുമായ ഒരു വലയം നമുക്കുചുറ്റും തീര്‍ക്കുകയാണ്. ഈ തിരക്കുകള്‍ക്കെല്ലാമിടയിലും ഉള്ളിന്റെയുള്ളില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. ഇത്തരത്തില്‍ ഒറ്റപ്പെടലുകളെ ഇല്ലാതാക്കാനും സാമൂഹികമായ ജീവിതം സാധ്യമാക്കാനും ഒപ്പം അല്പം സ്വതന്ത്രമായി ഇരിക്കാനും നമ്മെ സഹായിക്കുന്ന ഏതാനും മാര്‍ഗങ്ങള്‍ ഇതാ.

1. ഫോണ്‍ അല്പനേരം മാറ്റിവയ്ക്കാം

തിരക്കുകള്‍ക്കിടയില്‍ അല്പം സമാധാനം ലഭിക്കാന്‍ സാധ്യതയുള്ള സമയമാണ് വീട്ടിലെത്തുന്ന സമയവും അവധിദിനങ്ങളും. ഈ സമയങ്ങളില്‍ ഫോണ്‍ അല്പനേരം മാറ്റിവയ്ക്കുന്നതും ചുറ്റുമുളവരോട് സംസാരിക്കുന്നതും അയല്പക്കക്കാരെ കാണാന്‍പോകുന്നതുമൊക്കെ നമ്മുടെ ഉള്ളിലെ ഒറ്റപ്പെടലിന്റെയും പിടിച്ചുകെട്ടലിന്റെയും അനുഭവങ്ങളെ മറികടക്കാന്‍ നമ്മെ സഹായിക്കും. ഫോണ്‍ മാറ്റിവച്ചാല്‍ത്തന്നെ സംസാരിക്കാനും പങ്കുവയ്ക്കാനുമുള്ള വിഷയങ്ങള്‍ നമ്മെ തേടി എത്തിക്കൊള്ളും.

2. അതിഥികളെ വീട്ടിലേക്കു ക്ഷണിക്കാം

ആതിഥ്യമര്യാദയും സൗഹാര്‍ദപരമായ സ്വാഗതവും ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ആണിക്കല്ലാണ്. നമ്മെപ്പോലെതന്നെ നമ്മുടെ അയല്‍ക്കാരെയും സ്‌നേഹിക്കാനുള്ള സുവിശേഷ ആഹ്വാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ആതിഥ്യമര്യാദ കേവലം മര്യാദയ്ക്കപ്പുറം മറ്റുള്ളവരോടുള്ള ആത്മാര്‍ഥമായ തുറന്ന മനസും ഉള്‍ക്കൊള്ളുന്നു. അയല്‍ക്കാരെയോ, സഹപ്രവര്‍ത്തകരെയോ, പരിചയക്കാരെയോ ഒരു കാപ്പി കുടിക്കാനോ, ഭക്ഷണത്തിനോ, ലളിതമായ ഒത്തുചേരലിനോവേണ്ടി നമ്മുടെ വീടുകളിലേക്കു ക്ഷണിക്കുക. ചെറിയ സംസാരം മുതല്‍ അര്‍ഥവത്തായ സംഭാഷണങ്ങളും ബന്ധങ്ങളും വരെ തഴച്ചുവളരാന്‍ കഴിയുന്ന ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് നാം ഇതിലൂടെ ചെയ്യുന്നത്. ഒരുമിച്ചൊരു അത്താഴം കഴിക്കുക എന്നതിനോടൊപ്പം ഒറ്റപ്പെടലിന് ഒരു പരിധിവരെ കടിഞ്ഞാണിടാനും ഇത് സഹായകരമാകുന്നു.

3. സന്ദര്‍ശനങ്ങള്‍ പതിവാക്കാം

വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴാണ് പല നെഗറ്റിവ് ചിന്തകളും നമ്മുടെയുള്ളില്‍ കുമിഞ്ഞുകൂടുന്നത്. അതിനാല്‍ ഒഴിവുസമയങ്ങളില്‍ പരിചയക്കാരെയോ, ബന്ധുക്കളെയോ ഒക്കെ സന്ദര്‍ശിക്കാന്‍ ശ്രമിക്കാം. ഇനി അതുമല്ലെങ്കില്‍ അറിയാവുന്ന അനാഥാലയങ്ങളോ, വൃദ്ധസദനങ്ങളോ ഒക്കെ സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കുകയും അവര്‍ക്കു സഹായങ്ങള്‍ നല്‍കുകയും ചെയ്യാം. അത് നമ്മെ സാമൂഹികമായി സജീവമായ ഒരു അവസ്ഥയിലേക്കു നയിക്കും.

4. നല്ല ബന്ധങ്ങള്‍ വളര്‍ത്താം

നല്ല ബന്ധങ്ങളും സൗഹൃദങ്ങളും എപ്പോഴും നമ്മെ നന്മയിലേക്കു വളര്‍ത്തും. അതിനാല്‍ നല്ല ആളുകളുമായി സൗഹൃദം സ്ഥാപിക്കാനും അവര്‍ക്കൊപ്പം പല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക്കുകയും ചെയ്യാം. ഇത്തരം നല്ല ബന്ധങ്ങള്‍ നമ്മെ ഒറ്റപ്പെടലില്‍നിന്നും രക്ഷപെടാന്‍ സഹായിക്കും.

 

Latest News