കോളനി ഭരണകാലത്ത് കൊള്ളയടിച്ച പുരാവസ്തുക്കളും കരകൗശലവസ്തുക്കളും തിരികെനല്‍കുമെന്ന് നെതര്‍ലാന്‍ഡ്. ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് കൊള്ളയടിച്ച വസ്തുക്കളാണ് സര്‍ക്കാര്‍ തിരിച്ചുനല്‍കുന്നത്. ഉപദേശകസമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
ജൂലൈ 10-ന് ലൈയ്ഡനിലെ വൊകെൻകുൻഡെ മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിലാണ് ഇരുരാജ്യങ്ങളില്‍ നിന്നും കൊള്ളയടിച്ച വസ്തുക്കൾ മടക്കിനല്‍കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം സാംസ്കാരിക – മാധ്യമവകുപ്പ് സെക്രട്ടറി ഗുനയ് ഉസ്ലുവാണ് നടത്തിയത്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൊളോണിയല്‍ ഭരണകാലത്ത് കൊളളയടിച്ചവയാണ് മടക്കിനല്‍കുന്നത്.
ശ്രീലങ്കയിലെ കാൻഡി രാജാവിന്റെ ആചാരവെടി മുഴക്കുന്ന പീരങ്കിയാണ് മടക്കിനല്‍കുന്നതില്‍ പ്രധാനപ്പെട്ടത്. 1800 മുതൽ റിജ്ക്സ് ദേശീയ മ്യൂസിയത്തിൽ സ്ഥിതിചെയ്യുന്ന പീരങ്കിയില്‍ സ്വർണ്ണം, വെള്ളി, വെങ്കലം എന്നിവയാൽ നിർമ്മിച്ചതാണ്; ഇതില്‍ മാണിക്യക്കല്ലുകളും പതിച്ചിട്ടുണ്ട്. ‘ലൊമ്പോക്ക് നിധി’ എന്നറിയപ്പെടുന്ന രത്നങ്ങളാണ് ഇന്തോനേഷ്യക്ക് കൈമാറുന്നതില്‍ പ്രധാനപ്പെട്ടത്. ഇന്തോനേഷ്യയിലെ ലൊമ്പോക് ദ്വീപിൽ നിന്നാണ് ഇവ മോഷ്ടിച്ചത്. കഴിഞ്ഞ വർഷം കോംഗോ സ്വാതന്ത്ര്യസമര നായകൻ പാട്രിക് ലുമുംമ്പയുടെ സ്വർണപ്പല്ല് ബെൽജിയം തിരിച്ചുനൽകിയിരുന്നു.