കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിൽ ഭീതി പരത്തി കാട്ടുതീ വ്യാപിക്കുന്നു. നിയന്ത്രിക്കാനാകാത്തവിധം കാട്ടുതീ പടർന്നതിനെ തുടർന്ന് മുപ്പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തെ തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മൂന്നിടങ്ങളിലാണ് നിലവിൽ കാട്ടുതീ രൂക്ഷമായി വ്യാപിച്ചിരിക്കുന്നത്. സാന്റാ മോണിക്കയ്ക്കും മാലിബുവിനും നടുവിലായി സ്ഥിതിചെയ്യുന്ന പസഫിക് പാലിസേഡ്സിയിൽ കെട്ടിടങ്ങൾക്കൊപ്പം 3,000 ഏക്കറോളം ഭൂമി കത്തിനശിച്ചു. ഇവിടെയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലിഫോർണിയൻ നഗരമായ പസഡേനയ്ക്കു സമീപത്തുള്ള അൾട്ടാഡേനയിലാണ് രണ്ടാമതായി തീ പടർന്നത്. ഇവിടെ പടരാൻ തുടങ്ങിയ കാട്ടുതീ 200 ഏക്കറിൽനിന്ന് ആയിരം ഏക്കറിലേക്ക് ഏതാനും മണിക്കൂറുകൾകൊണ്ട് വ്യാപിച്ചത് ആശങ്കയുയർത്തി.
ലോസ് ആഞ്ചലിസിനു വടക്കുപടിഞ്ഞാറായുള്ള സാൻ ഫെർണാഡോ വാലിയിലെ സിലമറിലാണ് മൂന്നാമത്തെ കാട്ടുതീ പടരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ നൂറ് ഏക്കറിൽ നിന്ന് 500 ഓളം ഏക്കറിലേക്ക് കാട്ടുതീ വ്യാപിച്ചുകഴിഞ്ഞു. ഈ മൂന്നിടങ്ങളിലായി ആയിരക്കണക്കിന് രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളുമാണ് തീയണയ്ക്കാൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിനിടയിൽ അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്ക് പറ്റിയതായുള്ള റിപ്പോർട്ടുകളുമുണ്ട്.