Monday, November 25, 2024

മെക്‌സിക്കൻ കാടുകളിൽ മായൻ സംസ്കാരത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തി ഗവേഷകർ

മെക്സിക്കോയിലെ കാനോപി കാടുകളിൽനിന്ന് മായൻ സംസ്കാരത്തിന്റെ അവശേഷിപ്പായ മഹാനഗരത്തെ കണ്ടെത്തിയിരിക്കുകയാണ്‌ പുരാവസ്തു ഗവേഷകർ. പിരമിഡുകൾ, മൈതാനങ്ങൾ, കോസ് വേകൾ, തീയേറ്ററുകൾ അങ്ങനെ എല്ലാ സൗകര്യങ്ങളുമടങ്ങിയ ഒരു നഗരസമുച്ചയമാണ് ഗവേഷകർ കണ്ടെത്തിയത്. വലേറിയാന എന്നാണ് ഈ കോംപ്ലക്സിന് ഗവേഷകർ പേരിട്ടിരിക്കുന്നത്.

സസ്യജാലങ്ങൾക്കും മണ്ണിനുമടിയിലായി നഗരത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തുന്നതിനുള്ള ലിഡാർ പരിശോധന ഉപയോഗിച്ചായിരുന്നു ഈ പുരാതന നഗരത്തെ ഗവേഷകർ കണ്ടെത്തിയത്. സ്കോട്ട്ലൻഡ് തലസ്ഥാനമായ എഡിൻബർഗിനോളം വലിപ്പം വരുന്നതാണ് പുതുതായി കണ്ടെത്തിയ പുരാതന നഗരം. കൂടാതെ, ഇതുവരെ കണ്ടെത്തിയ മായൻ സംസ്കാര അവശേഷിപ്പുകളിൽ വലുപ്പത്തിൽ രണ്ടാംസ്ഥാനത്താണ് ഇവയൊന്നും ഗവേഷകർ കരുതുന്നു.

എ. ഡി. 750 നും 850 നുമിടയിൽ സജീവമായിരുന്ന നഗരമാണ് ഇതെന്നാണ് ഗവേഷകർ കരുതുന്നത്. 50,000 ഓളം ആളുകൾ ഇവിടെ താമസിച്ചിട്ടുണ്ടാകുമെന്നാണ് ലഭ്യമായ അവശേഷിപ്പുകൾ വ്യക്തമാക്കുന്നത്. കൂടാതെ, കണ്ടെത്തിയ ഘടനകൾ, ഇവിടെയുള്ള ആളുകൾ സമ്പന്നമായ ജീവിതരീതി പുലർത്തിയിരുന്നുവെന്നും സൂചിപ്പിക്കുന്നു. എന്നാൽ, നഗരം പെട്ടെന്ന് നശിക്കാൻ കാരണമെന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ ഗവേഷകർക്കായിട്ടില്ല. എങ്കിലും കാലാവസ്ഥാ വ്യതിയാനമാകാമെന്ന ഊഹത്തിലാണ് ഇവർ.

മായൻ ആരാധനാകേന്ദ്രത്തിന്റെയും ജലസംഭരണികളുടെയും അവശിഷ്ടങ്ങളും ഉൾപ്പെടെ ഏകദേശം 6764 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്താനായത്. പരിശോധന തുടർന്നാൽ മേഖലയിൽ കൂടുതൽ നഗരങ്ങൾ കണ്ടെത്താനാകുമെന്നാണ് ആർക്കിയോളജിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News