‘കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ, ഒന്നിച്ച്!’ ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഒളിമ്പിക്‌സിന്റെ മുദ്രാവാക്യമാണ് ഇത്. വളരെ പ്രശസ്തമായ ഈ മുദ്രാവാക്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ഫ്രഞ്ച് ഡൊമിനിക്കന്‍ സന്യാസിയായിരുന്നു. ലൂയിസ് ഹെന്റി ഡിഡണ്‍ എന്നാണ് ആ വൈദികന്റെ പേര്. ‘വേഗത, ഉയര്‍ന്ന, ശക്തന്‍’ (Citius, Altius, Fortius) എന്ന് അര്‍ഥം വരുന്ന ഒരു ലാറ്റിന്‍ പദപ്രയോഗം 1894-ല്‍ പിയറി ഡി കൂബര്‍ട്ടിന്‍ എന്ന വ്യക്തിയാണ് നിര്‍ദേശിച്ചതെങ്കിലും അദ്ദേഹം ആ മുദ്രാവാക്യം സ്വീകരിച്ചത് തന്റെ സുഹൃത്തായ ലൂയിസ് ഹെന്റി ഡിഡണില്‍നിന്നായിരുന്നു.
1896-ലെ ഏഥന്‍സ് ഗെയിംസിന് അഞ്ചുവര്‍ഷം മുന്‍പാണ് ബാരണ്‍ പിയറി ഡി കൂബര്‍ട്ടിനുമായി ലൂയിസ് ഹെന്റി ഡിഡണ്‍ സൗഹൃദത്തിലാകുന്നത്. യഥാര്‍ഥത്തില്‍ സിറ്റിയസ്, ആള്‍ട്ടിയസ്, ഫോര്‍ട്ടിയസ് എന്നീ ആശയങ്ങളില്‍നിന്നു രൂപപ്പെടുത്തിയ മുദ്രാവാക്യം ആധുനിക ഒളിമ്പിക് പ്രസ്ഥാനം ആരംഭിക്കുന്നതിനുമുന്‍പ് പാരീസിലെ സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് കോളേജില്‍ ഉപയോഗിച്ചിരുന്നു.
1840-ല്‍ ജനിച്ച ഫാ. ഡിഡണ്‍ തന്റെ ഒന്‍പതാം വയസിലാണ് സെമിനാരിയില്‍ പ്രവേശിച്ചത്. ഒരു കായികതാരം എന്ന നിലയില്‍ അറിയപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ ആഗ്രഹം. എന്നാല്‍, ഗ്രെനോബിളിലെ ചാര്‍ട്ടര്‍ ഹൗസ് സന്ദര്‍ശിച്ചതിനുശേഷം അദ്ദേഹം തന്റെ ആഗ്രഹം മാറ്റിവച്ചു. ദൈവത്തിനായി അനേകരെ നേടുന്ന ഒരു പുരോഹിതനാകാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ സെമിനാരിയില്‍ ചേര്‍ന്നപ്പോഴും കായികമത്സരങ്ങളിലും മറ്റും ശക്തമായ സാന്നിധ്യമായി അദ്ദേഹം നിലകൊണ്ടു. 22-ാം വയസില്‍ റോമിലെ പരിശീലനത്തിനുശേഷം അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.
ഒരു പ്രസംഗകനെന്ന നിലയില്‍ അദ്ദേഹം വളരെവേഗം പ്രശസ്തി നേടി. 1870 ജൂലൈയില്‍ പൊട്ടിപ്പുറപ്പെട്ട ഹ്രസ്വമായ ഫ്രാങ്കോ – പ്രഷ്യന്‍ യുദ്ധത്തില്‍, അദ്ദേഹം ഒരു സൈനിക ചാപ്ലിന്‍ ആയി സേവനമനുഷ്ഠിച്ചു. ഈ സമയത്ത് അദ്ദേഹം തടവുകാരനായി. രോഗബാധിതനായ അദ്ദേഹം ജനീവയില്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) അഭയംപ്രാപിച്ചു. അവിടെനിന്ന് അദ്ദേഹത്തെ മാര്‍സെയിലിലേക്ക് അയച്ചു. 1880-ല്‍ അദ്ദേഹം കോര്‍സിക്കയിലേക്ക് തിരികെയെത്തി. നാളുകള്‍ക്കുശേഷം സാന്‍ ആല്‍ബെറോ മാഗ്‌നോ സ്‌കൂളിന്റെ ഡയറക്ടറായി നിയമിതനാകുകയും അവിടെ സ്‌കൂളിന്റെ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി കായികമത്സരങ്ങള്‍ കൊണ്ടുവരികയും അവ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ സമയത്താണ് പിയറി ഡി കൂബര്‍ട്ടിനുമായി സൗഹൃദം സ്ഥാപിക്കുന്നത്.
അവര്‍ സംഘടിപ്പിച്ച ആദ്യമത്സരത്തിന്റെ മുദ്രാവാക്യം സ്‌കൂള്‍ പതാകയില്‍ എംബ്രോയ്ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു. ആ മുദ്രാവാക്യമാണ് പിന്നീട് 1894-ല്‍ പാരീസില്‍ നടന്ന ആദ്യ ഒളിമ്പിക് കോണ്‍ഗ്രസില്‍ ഒളിമ്പിക്‌സിന്റെ മുദ്രാവാക്യമായി തെരഞ്ഞെടുത്തത്.