കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്നു ജില്ലകൾക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം, കേരളതീരത്ത് രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽതന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരളതീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ കണ്ണൂർ, കോഴിക്കോട്, വയനാട്, കോട്ടയം, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.