ബ്രസീൽ പ്രസിഡന്റായി ലൂയിസ് ഇനാസിയോ ലുല ഡ സിൽവ അധികാരമേറ്റു. ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ നേതാവ് ജയിർ ബോൾസനാരോയെ തോൽപ്പിച്ചാണ് മുൻ പ്രസിഡന്റ് കൂടിയായ ലുല ബ്രസീലിന്‌റെ അധികാരത്തിലേക്ക് എത്തിയത്. ലുലയുടെ സത്യപ്രതിജ്ഞയോടൊപ്പം 35 അംഗ മന്ത്രിസഭയെയും പുതിയ പ്രസിഡൻറ് പ്രഖ്യാപിച്ചു. ക്യാബിനറ്റ് മന്ത്രിമാരിൽ 11 പേർ സ്ത്രീകളാണ്.
ബ്രസീലിയയിൽ രാഷ്ട്രപതിയുടെ കൊട്ടാരമായ പലൻസിയോ ഡോ പ്ലനാൽറ്റോയുടെ മുന്നിൽ പതിനായിരങ്ങളാണ് സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനെത്തിയത്. ”ഭരണഘടന നിലനിർത്താനും സംരക്ഷിക്കാനും ബ്രസീലിയൻ ജനതയുടെ പൊതുനന്മ പ്രോത്സാഹിപ്പിക്കാനും ബ്രസീലിന്റെ ഐക്യത്തിനും സമഗ്രതയ്ക്കും സ്വാതന്ത്ര്യത്തിനും പിന്തുണ നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു”- സത്യപ്രതിജ്ഞയ്ക്കു ശേഷം നൽകിയ സന്ദേശത്തിൽ ലുല പറഞ്ഞു.
അതേസമയം പദവി കൈമാറ്റ ചടങ്ങിൽ പങ്കെടുക്കാതെ മുൻ പ്രസിഡന്റ് ജയിർ ബോൾസനാരോ അമേരിക്കയിലേക്ക് പോയി. അധികാരം നഷ്ടമായ ബോൾസനാരോ അനുകൂലികൾ രാജ്യവ്യാപക പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.