അരനൂറ്റാണ്ടിനു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ലൂണ-25 ചന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചു. റഷ്യൻ സമയം രാവിലെ 8.57 (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.27) നാണ് പേടകം ഭ്രമണപഥത്തിലെത്തിയത്. ചന്ദ്ര ഭ്രമണപഥത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ലൂണ-25 പേടകം പങ്കുവച്ചു.
നാസയിലെയും മറ്റു ബഹിരാകാശ ഏജന്‍സികളിലെയും ശാസ്ത്രജ്ഞര്‍ ചന്ദ്രനിലെ ഗര്‍ത്തങ്ങളില്‍ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൂണ-25 റഷ്യ വിക്ഷേപിച്ചത്. നിലവില്‍ ചന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചിരിക്കുന്ന പേടകം അഞ്ചു ദിവസം ചന്ദ്രനെ വലയം ചെയ്യും. തുടര്‍ന്ന് ഓഗസ്റ്റ് 21 ന് സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്‍റെ വിലയിരുത്തല്‍.
അതേസമയം, ഏകദേശം ചെറിയ കാറിന്റെ വലിപ്പമുള്ള ലൂണ-25 ദക്ഷിണധ്രുവത്തില്‍ ഏകദേശം ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കും.ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 ഐ എസ് ആർ ഒ വിക്ഷേപിച്ച് നാലാഴ്ചകള്‍ക്കു ശേഷമാണ് റഷ്യ ലൂണ-25 വിക്ഷേപിച്ചത്.