തമിഴ്നാട്ടിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാകുന്നതിനിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റാലിന്റെ കത്ത്.
രാഷ്ട്രീയ-പ്രത്യയശാസ്ത്ര സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരുമായി പോര് തുടരുന്ന ഗവര്‍ണറെ രാഷ്ട്രപതി തടയണം. വിവിധ വിഷയങ്ങളില്‍ മന്ത്രിസഭാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു. ചെറിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് നിയമസഭയില്‍ പാസാക്കിയ നിരവധി ബില്ലുകള്‍ക്ക് ഗവര്‍ണര്‍ രവി അനുമതി നല്‍കാത്തത് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നതായും, പ്രശ്നത്തില്‍ രാഷ്ട്രപതി ഇടപെട്ട് മന്ത്രിസഭയുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും ഭരണഘടനയും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്നും സ്റ്റാലിന്‍ കത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി എസ്. രഘുപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കത്ത് രാഷ്ട്രപതിക്ക് കൈമാറിയത്.
അതേസമയം, ഡിഎംകെ സംഘം കത്ത് കൈമാറിയതിനു പിന്നാലെ രാഷ്ട്രപതിയെ കാണാന്‍ ഗവര്‍ണര്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇന്നു തന്നെ ഗര്‍ണര്‍ ദില്ലിയിലേക്ക് തിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.