Tuesday, November 26, 2024

അമ്മയുടെ 100ാം ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

അമ്മയുടെ 100ാം ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഔദ്യോഗിക ബ്ലോഗ് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ‘ അമ്മ…. ഇത് വെറുമൊരു വാക്ക് മാത്രമല്ല, ഇതില്‍ വികാരങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഇന്ന് ജൂണ്‍ 18, എന്റെ അമ്മ ഹീരാബെന്‍ 100ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ ദിവസത്തെ സന്തോഷവും നന്ദിയും വ്യക്തമാക്കുന്ന കുറിപ്പ് എഴുതുകയാണെന്നും’ പ്രധാനമന്ത്രി കുറിച്ചു.

അമ്മയെ കുറിച്ചുള്ള സുദീര്‍ഘമായ ഒരു കുറിപ്പാണ് പ്രധാനമന്ത്രി എഴുതിയിരിക്കുന്നത്. അമ്മ ജനിച്ചത് മുതലുള്ള ഓരോ സംഭവങ്ങളും പ്രധാനമന്ത്രി ബ്ലോഗില്‍ കുറിക്കുന്നുണ്ട്. ‘അമ്മയുടെ കുട്ടിക്കാലം ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. സ്വന്തം അമ്മയുടെ വാത്സല്ല്യം അനുഭവിക്കാനുള്ള ഭാഗ്യം അവര്‍ക്ക് ഉണ്ടായിട്ടില്ല. സ്‌കൂളില്‍ പോയി എഴുത്തും വായനയും പഠിക്കാനും കഴിഞ്ഞിട്ടില്ല. അമ്മയുടെ ബാല്യം മുഴുവന്‍ ദാരിദ്ര്യവും ഇല്ലായ്മയും നിറഞ്ഞ ഒന്നായിരുന്നു. എന്നാല്‍ അത് ദൈഹിതമാണന്നാണ് അമ്മ വിശ്വസിക്കുന്നത്.

വിവാഹശേഷം വലിയ ഉത്തരവാദിത്തങ്ങളാണ് കാത്തിരുന്നത്. ജനല്‍ പോലുമില്ലാത്ത ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. കക്കൂസോ, കുളിമുറിയോ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു ഉത്കണ്ഠയും കുടുംബത്തെ അറിയിക്കാതെയാണ് മാതാപിതാക്കള്‍ തങ്ങളെ വളര്‍ത്തിയത്. കഠിനമായി അവര്‍ ജോലികള്‍ ചെയ്തു. വീട്ടുചെലവുകള്‍ക്കായി മറ്റ് ചില വീടുകളില്‍ പാത്രങ്ങളും മറ്റും കഴുകാനും പോകുമായിരുന്നു.

ഇല്ലായ്മകളുടെ എല്ലാ കഥകള്‍ക്കും അപ്പുറമാണ് അമ്മയുടെ മഹത്തായ കഥയെന്ന് പ്രധാനമന്ത്രി പറയുന്നു. എല്ലാ സമരങ്ങളെക്കാളും മുകളിലാണ് അമ്മയുടെ ശക്തമായ ദൃഢനിശ്ചയം. അമ്മയുടെ ജീവിതത്തെക്കുറിച്ച് പരസ്യമായി എഴുതാനുള്ള ധൈര്യം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അമ്മയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും അനുഗ്രഹങ്ങള്‍ക്കുമായി സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി കുറിപ്പില്‍ പറയുന്നു.

 

Latest News