റഷ്യയുടെ ആക്രമണത്തെ ചെറുക്കാൻ ആവശ്യമുള്ളിടത്തോളം ഫ്രാൻസും ബ്രിട്ടനും യുക്രൈനെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സർ കെയ്ർ സ്റ്റാർമറും. യുക്രൈനെ പൂർണ്ണമായി പിന്തുണയ്ക്കാനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചതായി എലിസീ കൊട്ടാരത്തിൽനിന്നുള്ള പ്രസ്താവനയിലാണ് വെളിപ്പെടുത്തിയത്.
‘ഒരു ദിവസത്തിനുള്ളിൽ’ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നു പറഞ്ഞതിനുശേഷം യു. എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് യുക്രൈനു നൽകുന്ന പിന്തുണയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് അവരുടെ ഈ കൂടിക്കാഴ്ച. ശൈത്യകാലത്തേക്ക് സാധ്യമായ ഏറ്റവും ശക്തമായ സ്ഥാനത്ത് യുക്രൈനെ എങ്ങനെ എത്തിക്കാമെന്ന് ഇരുവരും ചർച്ച ചെയ്തതായി ഡൗണിംഗ് സ്ട്രീറ്റിൽനിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു.
റഷ്യൻ പ്രദേശത്തേക്ക് ആഴത്തിൽ ദീർഘദൂര സ്റ്റോം ഷാഡോ മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈനെ അനുവദിക്കുന്നതിനെ ഇരുനേതാക്കളും പിന്തുണയ്ക്കുമോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലണ്ടനെയും പാരീസിനെയും സംബന്ധിച്ചിടത്തോളം പ്രധാന തീരുമാനമെടുക്കുന്നയാൾ പ്രസിഡന്റ് ബൈഡനാണ്. റഷ്യയ്ക്കുള്ളിലെ ലക്ഷ്യങ്ങൾക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ ഇതുവരെ യുക്രൈന് അനുമതി നൽകിയിട്ടില്ല.
മിസൈലുകളുടെ ഉപയോഗത്തെക്കുറിച്ച് യു. കെ. പ്രസിഡന്റ് ബൈഡനോട് സംസാരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് “ഒരു യുദ്ധവും ഒരൊറ്റ ആയുധംകൊണ്ട് വിജയിച്ചിട്ടില്ല” എന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. യുദ്ധം കൂടുതൽ വഷളാക്കരുതെന്ന് റഷ്യൻ നേതാവിനോട് അഭ്യർഥിച്ചുകൊണ്ട് ട്രംപ് ഇതിനകം വ്ളാഡിമിർ പുടിനുമായി സംസാരിച്ചതായി വാരാന്ത്യത്തിൽ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ക്രെംലിൻ ഇത് നിഷേധിച്ചു.