ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഒരു കോൺഫറൻസിന് സംയുക്ത അധ്യക്ഷത വഹിക്കുമെന്ന് ബുധനാഴ്ച എഎഫ്പി റിപ്പോർട്ട് ചെയ്തു. ജൂണിൽ സമ്മേളനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“വരും മാസങ്ങളിൽ, എല്ലാവരേയും ഈ പാതയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ഒരുമിച്ച് ഞങ്ങളുടെ നയതന്ത്ര സംരംഭങ്ങൾ വർദ്ധിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യും. ഈ ദിശയിലേക്ക് നീങ്ങാൻ തയ്യാറാണെങ്കിലും ഫ്രാൻസിനെ കാത്തിരിക്കുന്ന നിരവധി യൂറോപ്യൻ, യൂറോപ്യൻ ഇതര പങ്കാളികളെയും സഖ്യകക്ഷികളെയും ഉൾപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു”,- ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേർത്തതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷം അവസാനിപ്പിക്കാനും പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും മാറ്റാനാവാത്ത നടപടികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2025 ജൂണിൽ ഇസ്രായേൽ- പാലസ്തീൻ സംഘർഷ വിഷയത്തിൽ ഒരു “സമാധാന സമ്മേളനം” നടത്താനുള്ള തീരുമാനത്തിന് യുഎൻ പൊതുസഭ ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു. ഏകദേശം 157 രാജ്യങ്ങൾ തീരുമാനത്തെ പിന്തുണച്ചു, ഏഴ് രാജ്യങ്ങൾ വിട്ടുനിന്നു. ഇസ്രായേൽ, യുഎസ്, ഹംഗറി, അർജന്റീന എന്നിവയുൾപ്പെടെ എട്ടു രാജ്യങ്ങൾ ഈ തീരുമാനത്തെ എതിർത്തു.