കുറവന്‍ – കുറത്തിയാട്ടം എന്ന നൃത്തരൂപം തമിഴ്‌നാട്ടില്‍ നിരോധിച്ചു. വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയാണ് നൃത്തം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്.
കുറവന്‍ കുറത്തിയാട്ടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കാനും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു. കുറവ സമുദായത്തിന്റെ അനുമതിയോടെയല്ല നൃത്തരൂപത്തില്‍ സമുദായത്തിന്റെ പേര് ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു.
തമിഴ്‌നാട്ടിലെ ഗ്രാമീണ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ആഘോഷങ്ങളുടെ ഭാഗമായും കുറവന്‍ കുറത്തിയാട്ടം അവതരിപ്പിക്കാറുണ്ട്. അപരിഷ്‌കൃതവും അശ്ലീല ചേഷ്ടകളും നിറഞ്ഞ നൃത്തമാണിതെന്ന് കാട്ടിയാണ് മധുര സ്വദേശി ഇരണിയന്‍ എന്നയാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പേര് സൂചിപ്പിക്കുന്നതുപോലെ കുറവ വിഭാഗത്തില്‍പ്പെട്ടവരല്ല നര്‍ത്തകരെങ്കിലും ആ വിഭാഗത്തിന്റെ പരമ്പരാഗത നൃത്തമെന്ന പേരിലാണ് ഇത് അവതരിപ്പിക്കുന്നത്.
കുറവര്‍ വിഭാഗത്തില്‍പ്പെട്ട ഇരുപത് ലക്ഷത്തിലേറെപ്പേര്‍ തമിഴ്‌നാട്ടിലുണ്ട്. ഈ നൃത്തരൂപം സാമൂഹികമായി ഇന്ന് ഏറെ പുരോഗമിച്ച സമുദായത്തെ അപമാനിക്കുന്നതാണ്. പശ്ചാത്തലമായി ഉപയോഗിക്കുന്ന പാട്ടിലെ വരികളിലും സംഭാഷണങ്ങളിലും മറ്റ് സമുദായക്കാരെയും അപമാനിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ച കോടതി നൃത്തരൂപം അവതരിപ്പിക്കുന്നത് നിരോധിച്ചു.